വൈഭവടക്കം മിന്നാൻ ഒരുപിടി താരങ്ങൾ!; അണ്ടർ 19 ഏകദിന ലോകകപ്പിന് നാളെ തുടക്കം

ഇത്തവണത്തെ ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്താൻ സാധ്യതയുള്ള താരങ്ങളിലൂടെ

വൈഭവടക്കം മിന്നാൻ ഒരുപിടി താരങ്ങൾ!; അണ്ടർ 19  ഏകദിന ലോകകപ്പിന് നാളെ തുടക്കം
dot image

അണ്ടർ 19 ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവുകയാണ്. സിംബാബ്വേയിലും നമീബിയയിലുമായാണ് യുവനിരയുടെ വിശ്വകിരീട പോരാട്ടങ്ങൾ നടക്കുന്നത്. ലോക ക്രിക്കറ്റിലെ അടക്കി ഭരിക്കുന്ന അടുത്ത തലമുറയുടെ അടയാളപ്പെടുത്തലാണ് ഓരോ അണ്ടർ 19 ലോകകപ്പും. ഇത്തവണത്തെ അണ്ടർ 19 ലോകകപ്പിനേയും വലിയ പ്രതീക്ഷകളോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഇത്തവണത്തെ ലോകകപ്പിലെ പ്രധാന ആകർഷണം വെടിക്കെട്ട് ബാറ്റിങ്ങുമായി ഞെട്ടിക്കുന്ന ഇന്ത്യൻതാരം വൈഭവ് സൂര്യവംശിയാണ് അതിൽ പ്രധാനി. ഇന്ത്യൻ താരങ്ങളിൽ മലയാളിയായ ആരോൺ ജോർജ്, ക്യാപ്റ്റൻ ആയുഷ് മാത്ര, വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടു തുടങ്ങിയവർ കളിഗതി മാറ്റിമറിക്കാൻ കഴിയുന്നവരാണ്. നാളെ യു എസ് എ ക്കെതിരെയാണ് ഇന്ത്യൻ യുവനിരയുടെ ആദ്യ മത്സരം.

ഇത്തവണത്തെ ലോകകപ്പിൽ ശ്രദ്ധേയ പ്രകടനം നടത്താൻ സാധ്യതയുള്ള താരങ്ങളിലൂടെ…

വൈഭവ് സൂര്യവംശി -ഇന്ത്യ

സമീപകാലത്ത് ക്രിക്കറ്റ് ലോകം ഏറെ ശ്രദ്ധിച്ച താരമാണ് ബിഹാറുകാരൻ വൈഭവ് സൂര്യവംശി. ഐ പി എൽ, ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, യൂത്ത് ക്രിക്കറ്റുകളിൽ വിസ്ഫോടനാത്മക ബാറ്റിങ്ങിലൂടെ തിളങ്ങിയ സൂര്യവംശിയുടെ ഫോം ഇന്ത്യയുടെ കുതിപ്പിന് നിർണായകമാകും.

ജോറിച്ച് വാൻ ഷാൽക്വിക് -ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കൻ യൂത്ത് ക്രിക്കറ്റിലെ വിസ്മയതാരം. സിംബാബ്‌വേക്കെതിരേ 215 റൺസ് അടിച്ചുകൂട്ടിയപ്പോൾ യൂത്ത് ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചൂറിയൻ എന്ന റെക്കോർഡാണ് സ്വന്തം പേരിലാക്കിയത്. അതിവേഗത്തിൽ നീണ്ട ഇന്നിങ്‌സ് കളിക്കാൻ മിടുക്കനാണ് ഓപ്പണിങ് ബാറ്റർ.

ഒലിവർ പീക്ക് -ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയൻ ക്രിക്കറ്റിലെ ഭാവി വാഗ്ദാനമെന്നറിയപ്പെടുന്ന ഇടംകൈയൻ ബാറ്റർ. ലോകകപ്പിൽ ടീമിനെ നയിക്കുന്നത് പീക്കാണ്. ബിഗ് ബാഷ് ലീഗിലടക്കം തകർത്തടിക്കുന്ന ഒലിവർ പീക്ക് ഓസീസ് ടീമിന്റെ അടുത്ത പ്രധാന താരങ്ങളിലൊരാളായി മാറാൻ സാധ്യതകളാണ്. ഇടം കെെയൻ ബാറ്റ്സ്മാൻ ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ഉപകാരിയാണ്.

ഫർഹാൻ അഹ്‌മദ് -ഇംഗ്ലണ്ട്

ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് പ്രതീക്ഷയാണ് ഓഫ് സ്പിന്നറായ ഫർഹാൻ അഹ്‌മദ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10 വിക്കറ്റ് വീഴ്ത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും കൈയിലുണ്ട്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറെക്കെതിരേ നോട്ടിങ്ങാംഷെയറിനായി രണ്ട് ഇന്നിങ്‌സുകളിലായി 10 വിക്കറ്റ് വീഴ്ത്തുമ്പോൾ ഫർഹാന്റെ പ്രായം 16 വർഷവും 192 ദിവസവുമായിരുന്നു.

സമീർ മിൻഹാസ് -പാകിസ്താൻ

അണ്ടർ-19 ഏഷ്യകപ്പിൽ പാകിസ്താൻ കിരീടം നേടുമ്പോൾ 471 റൺസുമായി താരമായത് സമീർ മിൻഹാസായിരുന്നു. ഫൈനലിൽ ഇന്ത്യക്കെതിരേ 172 റൺസാണ് അടിച്ചുകൂട്ടിയത്. അണ്ടർ-19 ടൂർണമെന്റ് ഫൈനലിലെ റെക്കോഡ് സ്കോറാണിത്. മിൻഹാസിന്റെ ഫോം പാക് ടീമിന്റെ പ്രകടനത്തിൽ നിർണായകമാകും.

Content Highlights: under 19 world cup tomorrow; major players to watch including vaibhav surayvanshi

dot image
To advertise here,contact us
dot image