

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ മൊറോക്കോയും സെനഗലും ഏറ്റുമുട്ടും. ഏഴ് തവണ ചാമ്പ്യൻമാരായ ഇൗജിപ്‌തിനെ സെമിയിൽ തകർത്താണ് സെനഗൽ ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം ഷൂട്ടൗട്ടിൽ നൈജീരിയയെ വീഴ്ത്തി ആതിഥേയരായ മൊറോക്കോയും ഫൈനലിൽ പ്രവേശിച്ചു.
ഇൗജിപ്‌തിനെ ഒരു ഗോളിന് തകർത്താണ് സെനഗലിന്റെ നേട്ടം. സാദിയോ മാനെയാണ് സെനഗലിന് വേണ്ടി വിജയഗോൾ കണ്ടെത്തിയത്. മത്സരം അവസാനിക്കാൻ 12 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് മാനെ തകർപ്പൻ ഗോൾ നേടിയത്. 2010ന് ശേഷം ആദ്യമായി ഒരു ആഫ്രിക്കൻ കിരീടം ലക്ഷ്യമിട്ടെത്തിയ സൂപ്പർ താരം മുഹമ്മദ് സലായ്ക്കും സംഘത്തിനും ഈ പരാജയം വലിയ തിരിച്ചടിയായി.
അതേസമയം പൊരുതിക്കളിച്ച നൈജീരിയ ഷൂട്ടൗട്ടിലാണ് ആതിഥേയരായ മൊറോക്കോയോട് അടിയറവ് പറഞ്ഞത്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് ഷൂട്ടൗട്ടിലെത്തിയ മത്സരത്തിൽ 2-4നാണ് മൊറോക്കോ വിജയം പിടിച്ചെടുത്തത്. 2004ന് ശേഷം ആദ്യമായാണ് മൊറോക്കോ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ എത്തുന്നത്.
Content Highlights: Afcon 2025 semi-finals: Senegal beat Egypt and hosts Morocco beat Nigeria on penalties