

ഇടവേളയും പാട്ടുകളും ഒന്നുമില്ലാതെ ഒരു ഹിന്ദി ചിത്രം നമുക്കിന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. വമ്പൻ സെറ്റുകളും നിറയെ ഡാൻസേഴ്‌സുമൊക്കെയായി വലിയ ബജറ്റിലാണ് ബോളിവുഡിലെ പല പാട്ട് സീനുകളും പുറത്തിറക്കുന്നത്. എന്നാൽ പാട്ടുകൾ ഒന്നുമില്ലാതെ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങുകയും ഹിറ്റടിക്കുകയും ചെയ്തിട്ടുണ്ട്. 1969-ൽ പുറത്തിറങ്ങിയ 'ഇത്തേഫാഖ്' എന്ന ത്രില്ലർ ചിത്രമാണ് ഇടവേളയും പാട്ടുകളും ഇല്ലതെയെത്തി പ്രേക്ഷകരെ ഞെട്ടിച്ചത്.
നന്ദ, രാജേഷ് ഖന്ന എന്നിവരാണ് ഇത്തേഫാഖിലെ പ്രധാന അഭിനേതാക്കൾ. ബി ആർ ചോപ്ര നിർമിച്ച സിനിമ സംവിധാനം ചെയ്തത് യാഷ് ചോപ്രയാണ്. 1965-ൽ പുറത്തിറങ്ങിയ 'സൈൻപോസ്റ്റ് ടു മർഡർ' എന്ന അമേരിക്കൻ ചലച്ചിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് 'ഇത്തേഫാഖ്'. പാട്ടില്ലാതെ പുറത്തിറങ്ങിയ നാലാമത്തെ ബോളിവുഡ് ചിത്രമായിരുന്നു 'ഇത്തേഫാഖ്'. നൗജവാൻ, മുന്ന, കാനൂൺ തുടങ്ങിയവയാണ് മറ്റു മൂന്ന് സിനിമകൾ. പാട്ടുകളില്ലെങ്കിലും, ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത് സലിൽ ചൗധരിയാണ്. ഇടവേളകളില്ലാത്ത ആദ്യ ഹിന്ദി സിനിമയെന്ന സവിശേഷതയും ഇത്തേഫാഖിന് സ്വന്തം. ഒരു മണിക്കൂർ 45 മിനിറ്റ് മാത്രമാണ് സിനിമയുടെ റൺ ടൈം.
28 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി, വെറും മൂന്നു മാസത്തിനുള്ളിൽ സിനിമ റിലീസായി. അക്കാലത്ത് ഇതുമൊരു റെക്കോർഡ് നേട്ടമായി മാറി. പരീക്ഷണം വിജയിക്കില്ലന്ന അഭിപ്രായങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് സിനിമ സൂപ്പർഹിറ്റായി മാറി. റിപ്പോർട്ടുകൾ പ്രകാരം സിനിമയിൽ അഭിനയിച്ചതിന് രാജേഷ് ഖന്നയ്ക്ക് ലഭിച്ച പ്രതിഫലം 2000 രൂപയാണ്. 1969 മുതൽ 1971 വരെയുള്ള കാലത്ത് രാജേഷ് ഖന്നയ്ക്ക് തുടർച്ചയായി 17 ഹിറ്റുകൾ ലഭിച്ചിരുന്നു. അതിലൊന്നായിരുന്നു ഇത്തേഫാഖ്.

2017-ൽ ഈ സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അതേപേരിൽ മറ്റൊരു സിനിമയിറങ്ങി. സിദ്ധാർഥ് മൽഹോത്ര, സൊനാക്ഷി സിൻഹ, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഒരു ക്രൈം ത്രില്ലർ മൂഡിൽ ഒരുങ്ങിയ പുതിയ ഇത്തേഫാഖും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
Content Highlights: Rajesh Khanna super hit movie without interval and songs