ഭീഷണിപ്പെടുത്തി പണം തട്ടി, ആരോപണവിധേയരെ ഉപദ്രവിച്ചു; പി രാധാകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി

കശുവണ്ടി വ്യവസായി അനീഷ് ബാബു നൽകിയ കൈക്കൂലി ആരോപണത്തിലും പി രാധാകൃഷ്ണന്റെ പേരുണ്ട്

ഭീഷണിപ്പെടുത്തി പണം തട്ടി, ആരോപണവിധേയരെ ഉപദ്രവിച്ചു; പി രാധാകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി
dot image

കൊച്ചി: കൈക്കൂലി ആരോപണം നേരിട്ടതിന് പിന്നാലെ സർവീസിൽനിന്ന് നീക്കിയ എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളുമായി ഇഡി റിപ്പോർട്ട്. പി രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ആരോപണവിധേയരെ ഉപദ്രവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ചെന്നൈ, കൊച്ചി യൂണിറ്റുകളിൽ ജോലി ചെയ്ത രാധാകൃഷ്ണനെതിരെ ആരോപണങ്ങൾ ഉയരുകയും പിന്നാലെ കൊച്ചി യൂണിറ്റിൽ നിന്ന് ജമ്മു കശ്മീരിലേക്ക് സ്ഥലം മാറ്റുകയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് രാധാകൃഷ്ണൻ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. രാധാകൃഷ്ണന്റെ ഹർജിയിൽ ഇഡി നൽകിയ മറുപടിയിലാണ് ഗുരുതര പരാമർശങ്ങളുള്ളത്.

റെയ്ഡ് വിവരങ്ങൾ ചോർത്തൽ അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകാതെ രാധാകൃഷ്ണന് നിർബന്ധിത വിരമിക്കലിന് ധനകാര്യമന്ത്രാലയം നിർദ്ദേശം നൽകുകയായിരുന്നു. അഞ്ച് വർഷത്തെ സർവീസുകൂടി ബാക്കി നിൽക്കവെയാണ് രാധാകൃഷ്ണനെ നീക്കിയത്.

കശുവണ്ടി വ്യവസായി അനീഷ് ബാബു ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണവുമായി മുന്നോട്ടു വന്നതിലും പി രാധാകൃഷ്ണന്റെ പേര് ഉണ്ട്. ഈ വിഷയത്തിൽ ഇഡിയിൽ ആഭ്യന്തര അന്വേഷണം നടന്നുവരികയാണ്. നയതന്ത്ര സ്വർണക്കടത്ത് കേസ് അടക്കമുള്ള സുപ്രധാന കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റിനടക്കം നേതൃത്വം നൽകിയത് രാധാകൃഷ്ണനായിരുന്നു.

Content Highlights: ED makes serious remarks against Enforcement Directorate Deputy Director P Radhakrishnan, who was removed from service after facing bribery allegations

dot image
To advertise here,contact us
dot image