

മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ബിസിസിഐയുടെ ഭാഗത്തുനിന്നുണ്ടായത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നുവെന്നും വിഷയത്തിൽ എതിർപ്പുണ്ടെന്നും തരൂർ പറഞ്ഞു. ഒരു കായിക വിഷയത്തെ അനാവശ്യമായി രാഷ്ട്രീയവൽക്കരിക്കുകയാണെന്നും തരൂർ കൂട്ടിച്ചേർത്തു.
ബംഗ്ലാദേശ് പാകിസ്താനല്ല. ബംഗ്ലാദേശ് അതിർത്തി കടന്ന് തീവ്രവാദികളെ അയച്ചിട്ടില്ല. ഇത് താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു സാഹചര്യമേയല്ല. കൂടാതെ, രണ്ട് രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധവും വ്യത്യസ്തമാണ്. ബംഗ്ലാദേശുമായുള്ള നമ്മുടെ ചർച്ചകളുടെയും നയതന്ത്ര ബന്ധങ്ങളുടെയും ഘട്ടം പാകിസ്താനുമായുള്ളതിന് തുല്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആ കൈലിക്കാരൻ ഒരിക്കലും വിദ്വേഷ പ്രസംഗത്തെ അംഗീകരിച്ചിട്ടില്ല. ഇന്ത്യയ്‌ക്കെതിരെയോ ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷത്തിനെതിരെയോ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം ഒരു കായികതാരം മാത്രമാണ്. നമ്മൾ ഇവിടെ ആരെയാണ് ഇരയാക്കുന്നത്, ആ താരം ഹിന്ദുവായിരുന്നുവെങ്കിൽ ബി സി സി എ യുടെ നിലപാട് എന്താകുമായിരുന്നുവെന്നും തരൂർ ചോദിച്ചു.
ഐപിഎല്ലിൽനിന്ന് പേസർ മുസ്താഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ വിവാദങ്ങൾ തുടരുകയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടിലാണ്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരെ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്.
Content Highlights: Shashi Tharoor slams BCCI again over Mustafizur IPL exit,