

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലിടം നേടിയ ഓൾ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ വിമർശിച്ച് മുന്‍ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ എതിരാളികള്‍ അടിച്ചുപറത്തുമെന്ന് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. നിതീഷ് കുമാര്‍ എന്താണ് ടീമിനായി ഇതുവരെ ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല. അവനെ എങ്ങനെയാണ് ഓള്‍ റൗണ്ടര്‍ എന്ന് വിളിക്കുന്നത് എന്നും എനിക്ക് മനസിലാവുന്നില്ല. അവന് പല മത്സരങ്ങളിലും ബൗളിംഗ് പോലും നല്‍കാറില്ല, ബാറ്റിങ്ങും മര്യാദക്ക് ചെയ്യാറില്ലെന്നും ശ്രീകാന്ത് വിമർശിച്ചു.
ജോലിഭാരം കുറക്കുന്നതിന്‍റെ ഭാഗമായി ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചതോടെയാണ് ഓൾ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡി ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലെത്തിയത്.
ഇന്ത്യക്കായി ഇതുവരെ 10 ടെസ്റ്റില്‍ കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി ഒരു സെഞ്ചുറി ഉള്‍പ്പെടെ 396 റണ്‍സും എട്ട് വിക്കറ്റും നേടിയപ്പോള്‍ രണ്ട് ഏകദിനങ്ങളില്‍ കളിച്ച നിതീഷിന് 27 റണ്‍സ് മാത്രമാണ് നേടാനായത്. വിക്കറ്റൊന്നും വീഴ്ത്താനുമായില്ല.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ.
Content highlights:Former India cricketer questions Nitish Kumar Reddy's inclusion in ODI squad