സഞ്ജു നയിക്കും!; മെയിൻ ടീമിനോട് മുട്ടാൻ പോന്ന ടീം; ഏകദിനത്തിൽ തഴയപ്പെട്ടവരുടെ കിടു ഇലവൻ

ടീമില്‍ ഇടം നേടിയിട്ടില്ലാത്തവരെ ഉള്‍പ്പെടുത്തിയുള്ള ഇലവന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാം.

സഞ്ജു നയിക്കും!; മെയിൻ ടീമിനോട് മുട്ടാൻ പോന്ന ടീം; ഏകദിനത്തിൽ തഴയപ്പെട്ടവരുടെ കിടു ഇലവൻ
dot image

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത ഞായറാഴ്ച മുതലാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. മുഴുവന്‍ മല്‍സരങ്ങളും പകലും രാത്രിയുമായിട്ടാണ് നടക്കുക.

ശുഭ്മന്‍ ഗില്ലിനു കീഴിലാണ് കിവി ദൗത്യത്തിനായി ഇന്ത്യയിറങ്ങുന്നത്. പരിക്കു കാരണം അവസാനത്തെ പരമ്പര നഷ്ടമായ അദ്ദേഹത്തിന്റെ തിരിച്ചുവരവാണ് ന്യൂസിലാന്‍ഡിനെതിരെ കാണാനാകുക. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യരും തിരിച്ചെത്തി.

പക്ഷെ ടീമില്‍ സ്ഥാനമര്‍ഹിച്ച ചിലര്‍ പരമ്പരയില്‍ അവഗണിക്കപ്പെട്ടിട്ടുണ്ട്. ചിലര്‍ക്കു വിശ്രമം നല്‍കിയപ്പോള്‍ മറ്റുള്ളവരാവട്ടെ തഴയപ്പെടുകയായിരുന്നു. ടീമില്‍ ഇടം നേടിയിട്ടില്ലാത്തവരെ ഉള്‍പ്പെടുത്തിയുള്ള ഇലവന്‍ തിരഞ്ഞെടുത്താല്‍ ആര്‍ക്കെല്ലാം ഇടം ലഭിക്കുമെന്നു നോക്കാം.

തഴയപ്പെട്ടവരുടെ ഇന്ത്യന്‍ ഇലവനു വേണ്ടി ഓാണ്‍ ചെയ്യുക റുതുരാജ് ഗെയ്ക്വാദും ഇടംകൈയന്‍ വിക്കറ്റ് കീപ്പർ ബാറ്ററുമായ ഇഷാന്‍ കിഷനുമായിരിക്കും. ന്യൂസിലാന്‍ഡിനെതിരെ പ്രഖ്യാപിച്ച ടീമില്‍ രണ്ടു പേര്‍ക്കും ഇടമുണ്ടാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ഇരുവരും അവഗണിക്കപ്പെട്ടു.

സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും കളിക്കുകയും കന്നി ഏകദിന സെഞ്ച്വറി കുറിക്കുകയും ചെയ്തയാളാണ് റുതുരാജ്. എന്നിട്ടും അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയടയുകയായിരുന്നു. ഇഷാനാവട്ടെ രണ്ടു വര്‍ഷത്തോളമായി ടീമിനു വേണ്ടി കളിച്ചിട്ടില്ല എങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിലായിരുന്നു.

റുതു-ഇഷാന്‍ ഓപ്പണിങിനു ശേഷം ഇന്ത്യന്‍ ഇലവനില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍, തിലക് വര്‍മ, ദേവ്ദത്ത് പടിക്കൽ, ശിവം ദുബെ എന്നിവരാണ്.

2023ല്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി കുറിച്ചിട്ടും പിന്നീട് സഞ്ജുവിന് ഒറ്റ അവസരം പോലും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കേരളത്തിനായി വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം സെഞ്ച്വറി കണ്ടെത്തി. തഴയപ്പെട്ടവരുടെ ഈ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെല്ലാം സഞ്ജുവാണ്.

തിലകും ടീമിനായി ഭാവിയില്‍ മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ മിടുക്കുള്ള ഒരാളാണ്. വിജയ് ഹസാരെയിൽ കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ നാലിലും സെഞ്ച്വറി നേടിയ ദേവ്ദത്തും ഈ ടീമിൽ സ്ഥാനമർഹിക്കുന്നു.

ദുബെയുടെ കാര്യമെടുത്താല്‍ ടി20ില്‍ അദ്ദേഹം സ്ഥിരം സാന്നിധ്യമാണെങ്കിലും ഏകദിനത്തില്‍ പൂര്‍ണമായും ടീമിനു പുറത്താണ് വെറും നാലു മല്‍സരങ്ങള്‍ മാത്രമേ ഏകദിനത്തില്‍ ദുബെ കളിച്ചിട്ടുമുള്ളൂ. ഇലവനിലെ ഏഴ്, എട്ട് സ്ഥാനക്കാര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ അക്‌സർ പട്ടേലുമാണ്.

ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക്കിനു വിശ്രമം അനുവദിക്കപ്പെട്ടത്. എന്നാല്‍ ആക്‌സറിനെ എന്തുകൊണ്ട് ടീമിലെടുത്തില്ല എന്ന കാര്യം വ്യക്തവുമല്ല. മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാണ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങ് കടിഞ്ഞാണ്‍ പരിചയ സമ്പന്നരായ ജസ്പീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ്. ബുംറയ്ക്കു വിശ്രമം അനുവദിക്കപ്പെട്ടപ്പോള്‍ ഷമി തഴയപ്പെടുകയും ചെയ്തു.

ഒഴിവാക്കപ്പെട്ടവരുടെ ഇന്ത്യന്‍ 11

റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ദേവ്ദത്ത് പടിക്കൽ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്‌സർ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

Content Highlights: indian xi for nz odi series, rejected from main team

dot image
To advertise here,contact us
dot image