ബിപിഎല്‍ മത്സരത്തിനിടെ കുഴഞ്ഞുവീണു; ധാക്ക ക്യാപിറ്റല്‍സ് കോച്ച് മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം

അസിസ്റ്റന്‍റ് കോച്ചിന്റെ അപ്രതീക്ഷിത വിയോഗം താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു

ബിപിഎല്‍ മത്സരത്തിനിടെ കുഴഞ്ഞുവീണു; ധാക്ക ക്യാപിറ്റല്‍സ് കോച്ച് മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം
dot image

ബംഗ്ലാദേശ് പ്രീമിയർ ലീഗ് (ബിപിഎൽ) ടീമായ ധാക്ക ക്യാപിറ്റല്‍സിന്‍റെ അസിസ്റ്റന്‍റ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണ് മരിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പ് സാക്കി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സിൽഹെറ്റ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാജ്ഷാഹി വാരിയേഴ്‌സിനെതിരായ മത്സരത്തിന്റെ തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം.

കുഴഞ്ഞുവീണയുടനെ സ്റ്റേഡിയത്തിലുണ്ടായിരുന്ന മെഡിക്കൽ ഉദ്യോഗസ്ഥർ സാക്കിക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് മൈതാനത്ത് വെച്ചുതന്നെ സിപിആര്‍ നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടർന്നുവെങ്കിലും ഉച്ചയ്ക്ക് 12.30ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ടൂർണമെന്റിന് ദിവസങ്ങൾക്ക് മുമ്പ് സാക്കി മാധ്യമങ്ങളോട് സംസാരിക്കുകയും ടീമിന്റെ പദ്ധതികൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തിന് മുന്നോടിയായി കളിക്കാരുമായി അടുത്ത് പ്രവർത്തിക്കുകയായിരുന്ന കോച്ചിന്റെ അപ്രതീക്ഷിത വിയോഗം താരങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു. കോച്ച് സാക്കിയുടെ മരണവാർത്തയറിഞ്ഞ് ധാക്ക ക്യാപിറ്റൽസിലെയും രാജ്ഷാഹി വാരിയേഴ്സിലെയും കളിക്കാർ ആദരസൂചകമായി ഇന്നിംഗ്‌സ് ബ്രേക്കിനിടയിൽ ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു.

Content Highlights: Dhaka Capitals assistant coach Mahbub Ali Zaki died after collapsing suddenly during BPL clash

dot image
To advertise here,contact us
dot image