ലാപ്ടോപ്പ് മോഷ്ടിച്ചു: പ്രാവസി യുവാവിന് കനത്ത ശിക്ഷ വിധിച്ച് ദുബായ് കോടതി; ആദ്യം തടവ്, പിന്നെ നാടുകടത്തും

ദുബായിലെ ഒരു പ്രമുഖ റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച പ്രവാസി യുവാവിന് തടവും നാടുകടത്തല്‍ ശിക്ഷയും

ലാപ്ടോപ്പ് മോഷ്ടിച്ചു: പ്രാവസി യുവാവിന് കനത്ത ശിക്ഷ വിധിച്ച് ദുബായ് കോടതി; ആദ്യം തടവ്, പിന്നെ നാടുകടത്തും
dot image

ദുബായ്: മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ട പ്രവാസി യുവാവിനെതിരെ കനത്ത ശിക്ഷ നടപടികള്‍ സ്വീകരിച്ച കോടതി. ദുബായിലെ ഒരു പ്രമുഖ റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച പ്രവാസി യുവാവിന് തടവും നാടുകടത്തല്‍ ശിക്ഷയുമാണ് ദുബായ് കോടതി വിധിച്ചിരിക്കുന്നത്. ഒരു മാസത്തെ തടവിന് ശേഷമായിരിക്കും നാടുകടത്തുക.

ഏകദേശം 3,000 ദിര്‍ഹം വിലമതിക്കുന്ന ലാപ്ടോപ്പാണ് യുവാവ് മോഷ്ടിച്ചത്. ഷോപ്പില്‍ ജീവനക്കാര്‍ തിരക്കിലായിരുന്ന സമയം മുതലെടുത്ത് ഉല്‍പ്പന്നത്തില്‍ പതിക്കുന്ന സുരക്ഷാ ടാഗ് നീക്കം ചെയ്ത് ലാപ്‌ടോപ്പുമായി കടന്നു കളയുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വിവരം ഷോപ്പ് ജീവനക്കാര്‍ അറിഞ്ഞത്. പിന്നാലെ ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

അതേസമയം കഴിഞ്ഞ ആഴ്ചയും സമാനമായ ഒരു വിധി ദുബായ് കോടതി പുറപ്പെടുവിച്ചിരുന്നു. മോഷണക്കേസില്‍ പിടിയിലായ പ്രവാസിക്ക് തടവും 130000 ദിര്‍ഹം പിഴയുമായിരുന്നു അന്ന് വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബായിലെ ഒരു വില്ലയില്‍ നിന്നും 18 എസി യൂണിറ്റുകള്‍ മോഷ്ടിച്ച കേസിലാണ് നടപടി. അല്‍ മുഹൈസ്‌ന പ്രദേശത്തുള്ള ഒരു വില്ലയില്‍ നിന്നാണ് പ്രതി 18 എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ മോഷ്ടിച്ചത്. വില്ലയുടെ ഉടമയായ ഗള്‍ഫ് പൗരന്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വില്ലയിലെ പ്രധാന വാതില്‍ തകര്‍ന്നതായും കെട്ടിടത്തിന് കേടുപാടുകള്‍ ഉണ്ടായതായും ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ വില്ലയുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന എല്ലാ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളും നീക്കം ചെയ്തതായി കണ്ടെത്തുകയായിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഫോറന്‍സിക് സാമ്പിളുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. സമാനമായ മറ്റൊരു മോഷണ കേസില്‍ ഇതിനകം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന പ്രതിയാണ് വില്ല കവര്‍ച്ചക്ക് പിന്നിലുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിന്നീട് തിരിച്ചറിഞ്ഞു.

വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് കസ്റ്റഡില്‍ എടുത്തത്.

ചോദ്യം ചെയ്യലില്‍ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. മറ്റ് സ്ഥലങ്ങളിലും സമാനമായ മോഷണങ്ങള്‍ നടത്തിയതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കുറ്റസമ്മതത്തെ പിന്തുണയ്ക്കുന്നതായിരുന്നു ഫോറന്‍സിക് കണ്ടെത്തലുകളും സാക്ഷി മൊഴികളും. തെളിവുകളുടെ അടിസ്ഥാനത്തില്‍, പ്രതിക്കെതിരെ മോഷണക്കുറ്റം ചുമത്തി ഒരു വര്‍ഷം തടവാണ് ദുബായ് കോടതി വിധിച്ചത്. മോഷ്ടിച്ച വസ്തുക്കളുടെ മൂല്യത്തിന് തുല്യമായി 1,30,000 ദിര്‍ഹം പിഴയും ചുമത്തി. ജയില്‍ ശിക്ഷ പൂര്‍ത്തിയാകുമ്പോള്‍ നാടുകടത്താനും കോടതി ഉത്തരവിട്ടു.

Content Highlights: Dubai Court Sentences Expatriate to Prison and Deportation for Laptop Theft

dot image
To advertise here,contact us
dot image