അത് ക്യാച്ചല്ല! നിരാശ പ്രകടിപ്പിച്ച് ലബുഷെയ്ന്‍; ആഷസില്‍ അമ്പയറിങ് വിവാദം, വീഡിയോ

ജോഷ് ടംഗിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് ലബുഷെയ്ന്‍ പുറത്തായത്

അത് ക്യാച്ചല്ല! നിരാശ പ്രകടിപ്പിച്ച് ലബുഷെയ്ന്‍; ആഷസില്‍ അമ്പയറിങ് വിവാദം, വീഡിയോ
dot image

മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആശ്വാസവിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. നാല് വിക്കറ്റിന്റെ ജയമാണ് സന്ദർശകർ നേടിയത്. ആദ്യ ദിനം ഇരു ടീമുകളുടെയും പത്ത് വിക്കറ്റുകൾ വീണ മത്സരത്തിൽ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ 132 റൺസിന് ഓൾ ഔട്ടായിരുന്നു. 42 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഓസീസിന് ആകെ 174 റൺസിന്റെ ലീഡാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് അത് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ഇപ്പോഴിതാ മെൽബൺ ടെസ്റ്റിൽ വിവാദ​വും കത്തിപ്പടരുകയാണ്. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ മാര്‍നസ് ലബുഷെയ്ന്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്. ഓസീസ് ഇന്നിങ്സിന്റെ 18-ാം ഓവറിലാണ് സംഭവം. ജോഷ് ടംഗിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയാണ് ലബുഷെയ്ന്‍ പുറത്തായത്. എന്നാല്‍ റൂട്ടിന്റെ കൈയിലേക്ക് താഴ്‌ന്നെത്തിയ പന്ത് ഗ്രൗണ്ടില്‍ തൊട്ടതിന് ശേഷമാണ് ക്യാച്ചെടുത്തത് എന്നാണ് ആരോപണം ഉയർന്നത്.

ഫീല്‍ഡ് അംപയര്‍ ഔട്ട് വിധിച്ചതും ലബുഷെയ്ന്‍ റിവ്യൂ ആവശ്യപ്പെട്ടിരുന്നു. ഫീൽഡ് അമ്പയർ തീരുമാനം മൂന്നാം അമ്പയറുടെ പരിഗണനയ്ക്ക് വിട്ടു. ഒന്നിലധികം ആംഗിളുകൾ പരിശോധിച്ച ശേഷം അദ്ദേഹം ഇം​ഗ്ലണ്ടിന് അനുകൂലമായി വിധി പ്രസ്താവിച്ചു. പന്ത് പിടിച്ചപ്പോൾ റൂട്ടിന്റെ വിരലുകൾ പന്തിനടിയിലായിരുന്നുവെന്നാണ് മൂന്നാം അമ്പയർ ചൂണ്ടിക്കാട്ടിയത്. പന്ത് ആദ്യം നിലത്ത് തൊടാനുള്ള സാധ്യത തള്ളിക്കളയുകയും ചെയ്തു.

എന്നാൽ ലബുഷെയ്ൻ ഈ തീരുമാനത്തിൽ തൃപ്തനായിരുന്നില്ല. അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചാണ് ലബുഷെയ്ന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലാവുകയും ചെയ്തു.

Content Highlights:

dot image
To advertise here,contact us
dot image