

സഞ്ജു സാംസൺ ടി20 ലോകകപ്പിൽ ഓപ്പണറാകണമെന്ന് റോബിന്‍ ഉത്തപ്പ. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ച സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത കൂടുതൽ. എന്നാൽ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള ഇഷാനെ ഓപ്പണറായി പരിഗണിക്കണമെന്ന തരത്തിലുള്ള ചർച്ചയും ഇപ്പോൾ സജീവമായുണ്ട്. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി റോബിന്‍ ഉത്തപ്പ രംഗത്തെത്തിയത്.
ലോകകപ്പ് കിരീടം നിലനിർത്താൻ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലുണ്ടാവേണ്ടത് അനിവാര്യമാണെന്ന് താന്‍ കരുതുന്നുവെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി. സഞ്ജു ഓപ്പണിങ് പൊസിഷനിൽ തന്നെ ഇറങ്ങണമെന്നും ഇന്ത്യൻ മുൻ താരം പറഞ്ഞു. അതിന്റെ കാരണം എന്താണെന്നും റോബിന്‍ ഉത്തപ്പ വിശദീകരിച്ചു.
‘എന്തുവന്നാലും ലോകകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ ഓപ്പണറാവണം. എന്തുകൊണ്ടാണെന്നു ഞാൻ പറയാം. 2024 ട്വന്റി20 ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം തുടർച്ചയായി രണ്ടു സെഞ്ചറികൾ നേടിയിട്ടുണ്ട്. ബംഗ്ലദേശിനെതിരെയും പിന്നീട് സെഞ്ചറിയടിച്ചു. ഇത് യുവതാരങ്ങൾക്ക് നൽകിയ പ്രചോദനം ചെറുതല്ല. സഞ്ജുവിന് സെഞ്ച്വറിയടിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഞങ്ങൾക്കും സ്കോർ ചെയ്തുകൂടാ എന്നാണ് അവരും കരുതുന്നത്’, ഉത്തപ്പ പറഞ്ഞു.
‘രണ്ടാമത്തെ കാര്യം അഭിഷേക്–സഞ്ജു ഓപ്പണിങ് സഖ്യമാണ്. ആ കൂട്ടുകെട്ട് പൊളിക്കാനും മാത്രം എന്ത് തെറ്റാണ് അവർ ചെയ്തത്? ആ ഓപ്പണിങ് കൂട്ടുകെട്ട് നന്നായി വർക്ക് ചെയ്തിരുന്നതാണ്. ഇവരില്‍ ഒരാള്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പോലും ടീമിന് വലിയ സ്‌കോര്‍ നേടാനാകും. സഞ്ജു സാംസൺ ടീമിൽ വളരെയധികം സന്തുലിതാവസ്ഥ കൊണ്ടുവരുന്നുണ്ട്’, റോബിന്‍ ഉത്തപ്പ പറഞ്ഞു.
Robin Uthappa, in a recent Insta reel, said :- Sanju Samson should open for India in the T20 World Cup 2026 no matter what.
— Mr Stranger (@mrstranger005) December 26, 2025
He also added that if either Sanju Samson or Abhishek Sharma fires, India will put up a mammoth total.pic.twitter.com/jyvXgihEOu
‘ഏഷ്യാ കപ്പ് ഫൈനലിൽ തിലക് വർമ്മയോടൊപ്പം അദ്ദേഹം എങ്ങനെയാണ് സമ്മര്‍ദ്ദത്തെ നേരിട്ടതെന്ന് നാം കണ്ടതാണ്. ഇരുവരുടെയും ആ കൂട്ടുകെട്ടും വളരെ നിർണായകമായിരുന്നു. സഞ്ജു സാംസണെ കളിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഒന്നോ രണ്ടോ അല്ലെങ്കില്‍ മൂന്നാം നമ്പറിലോ ബാറ്റ് ചെയ്യിക്കണം. അതിനും താഴെ ഇറക്കരുത്. സഞ്ജു ഐപിഎല്ലില്‍ ഫ്രാഞ്ചൈസിയെ നയിച്ചിട്ടുള്ളതാണ്. അതിനാൽ അദ്ദേഹത്തിന് ആ അനുഭവസമ്പത്തുമുണ്ട്‘, ഉത്തപ്പ കൂട്ടിച്ചേർത്തു.
Content Highlights: Robin Uthappa explains why Sanju Samson should open for India in T20 World Cup 2026