

ഐ പി എൽ 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം നാളെ നടക്കുകയാണ്. 350 താരങ്ങളാണ് അന്തിമ ലേലത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 10 ടീമുകൾക്ക് കൂടി പരമാവധി 77 താരങ്ങളെയാണ് ആവശ്യമായി വരിക. ഇതിൽ 31 വിദേശ താരങ്ങളും ഉൾപ്പെടും.
237.55 കോടിയാണ് മിനി ലേലത്തിൽ ആകെ ഉപയോഗിക്കപ്പെടുക. മിനി ലേലത്തിലേക്ക് നിരവധി സൂപ്പർ താരങ്ങൾ എത്തുന്നതിനാൽ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. 10 ടീമുകളും അവസാന സീസണിലെ പിഴവുകൾ നികത്തി ശക്തമായ തിരിച്ചുവരവിനാണ് പദ്ധതിയിടുന്നത്. ഓരോ ടീമുകളും ലേലത്തിൽ നോട്ടമിടുന്ന താരങ്ങൾ ആരൊക്കെയാണെന്നും പേഴ്സിൽ എത്ര രൂപയുണ്ടെന്നുമെല്ലാം പരിശോധിക്കാം.
കൊൽക്കത്ത നെെറ്റ് റെെഡേഴ്സാണ് പേഴ്സിൽ കൂടുതൽ തുകയുള്ള ടീം. 64.30 കോടിയാണ് കൊൽക്കത്തയുടെ പേഴ്സിലുള്ളത്. 13 താരങ്ങളെയാണ് കെകെആറിന് ടീമിലെത്തിക്കാനാവുക. ഇതിൽ നിന്ന് ആറ് വിദേശ താരങ്ങളെയും പരിഗണിക്കാം.
അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സിന്റെ പേഴ്സിൽ 43.40 കോടിയാണുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ പരമാവധി ഒമ്പത് താരങ്ങളെയാണ് സിഎസ്കെയ്ക്ക് ടീമിലെത്തിക്കാൻ സാധിക്കുക. മികച്ചൊരു ഓൾറൗണ്ടറേയും പേസറേയും സ്പിന്നറേയും സിഎസ്കെയ്ക്ക് ആവശ്യമാണ്.
സൺറെെസേഴ്സ് ഹെെദരാബാദിന്റെ പേഴ്സിൽ 25.50 കോടിയാണുള്ളത്. രണ്ട് വിദേശ താരങ്ങളെ ഉൾപ്പെടെ 10 താരങ്ങളെയാണ് ഹെെദരാബാദിന് വേണ്ടത്. മധ്യനിരയിലേക്ക് മികച്ച ബാറ്റ്സ്മാനെയും പേസ് ബൗളറെയുമാണ് ഹെെദരാബാദിന് ആവശ്യം.
ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ പേഴ്സിൽ 22.95 കോടിയാണുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ 6 താരങ്ങളെയാണ് പരമാവധി ലഖ്നൗവിന് ടീമിലെത്തിക്കാനാവുക. മികച്ചൊരു വിദേശ പേസറെ ഇത്തവണ ലഖ്നൗവിന് ആവശ്യമാണ്.
ഡൽഹി ക്യാപിറ്റൽസിന്റെ പേഴ്സിൽ 21.8 കോടി രൂപയാണുള്ളത്. എട്ട് താരങ്ങളെ ടീമിലേക്കെത്തിക്കാം. ഇതിൽ അഞ്ച് വിദേശ താരങ്ങളുമുണ്ട്. മികച്ച ചില ബാറ്റ്സ്മാൻമാരെ ഡൽഹിക്ക് ആവശ്യമുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പേഴ്സിൽ 16.4 കോടിയാണുള്ളത്. മികച്ചൊരു ഓൾറൗണ്ടറെ മധ്യനിരയിലേക്ക് ടീമിനാവശ്യമാണ്.
രാജസ്ഥാൻ റോയൽസിലേക്ക് വരുമ്പോൾ 16.05 കോടിയാണ് പേഴ്സിലുള്ളത്. ഒരു വിദേശ താരം ഉൾപ്പെടെ 9 പേരെ പരമാവധി ടീമിലേക്കെത്തിക്കാൻ രാജസ്ഥാന് സാധിക്കും. സാം കറനും രവീന്ദ്ര ജഡേജയും ടീമിലേക്കെത്തിയത് രാജസ്ഥാന് കരുത്ത് നൽകുന്ന കാര്യമാണ്. മികച്ച സ്പിന്നർമാരെ ടീമിലെത്തിക്കുകയെന്നതാണ് രാജസ്ഥാന് മുന്നിലെ പ്രധാന ചോദ്യം.
ഗുജറാത്ത് ടെെറ്റൻസിന്റെ പേഴ്സിൽ 12.9 കോടിയാണുള്ളത്. നാല് വിദേശ താരങ്ങളെ ഉൾപ്പെടെ 5 പേരെയാണ് ഗുജറാത്തിന് ടീമിലെത്തിക്കാനാവുക.
പഞ്ചാബ് കിങ്സിന്റെ പേഴ്സിൽ 11.5 കോടിയുണ്ട്. 2 വിദേശ താരങ്ങളെ ഉൾപ്പെടെ 4 പേരെ പരമാവധി ടീമിലെത്തിക്കാൻ പഞ്ചാബിന് സാധിക്കും. ഡേവിഡ് മില്ലറെ പഞ്ചാബ് നോട്ടമിടുന്നുണ്ടെന്നാണ് സൂചന.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇന്ത്യൻസിന്റെ പേഴ്സിൽ 2.75 കോടിയാണുള്ളത്. 1 വിദേശ താരത്തെ ഉൾപ്പെടെ 5 താരങ്ങളെയാണ് പരമാവധി മുംബെെക്ക് ടീമിലേക്ക് എത്തിക്കാൻ സാധിക്കുക.
Content highlights: IPL auction 2026; team and players