

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ 81 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി മുംബൈ. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 231 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ മുംബൈ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ മുംബൈ 312 റൺസാണ് നേടിയത്.
മുൻനിര ബാറ്റർമാർ നിറം മങ്ങിയ മത്സരത്തിൽ അഭിനവ് ആർ നായരുടെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 45 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി. വിശാൽ ജോർജ് 16ഉം അദിതീശ്വർ പത്തും റൺസെടുത്തു. സ്കോർ 63ൽ നില്ക്കെ ക്യാപ്റ്റൻ ഇഷാൻ എം രാജും അദ്വൈത് വി നായരും തുടരെയുള്ള പന്തുകളിൽ പുറത്തായി. 17 റൺസായിരുന്നു ഇഷാൻ നേടിയത്. 22 റൺസെടുത്ത ധീരജ് ഗോപിനാഥ് കൂടി പുറത്തായതോടെ അഞ്ച് വിക്കറ്റിന് 102 റൺസെന്ന നിലയിലായിരുന്നു കേരളം.
തുടർന്ന് വാലറ്റക്കാർക്കൊപ്പം ചേർന്ന് അഭിനവ് ഉയർത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. എസ് വി ആദിത്യനൊപ്പം ചേർന്ന് 63 റൺസാണ് അഭിനവ് കൂട്ടിച്ചേർത്തത്. ആദിത്യൻ 35 റൺസെടുത്ത് പുറത്തായി. എന്നാൽ മുകുന്ദ് മേനോൻ, മുഹമ്മദ് റെയ്ഹാൻ എന്നിവർക്കൊപ്പം ചേർന്ന് അഭിനവ് 57 റൺസ് കൂടി കൂട്ടിച്ചേർത്തു. ഒടുവിൽ 90 റൺസെടുത്ത അഭിനവ് പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് അധികം നീണ്ടില്ല. 231 റൺസിന് കേരളം ഓൾ ഔട്ടായി. 125 പന്തുകളിൽ 11 ബൗണ്ടറികളും ഒരു സിക്സും അടങ്ങുന്നതായിരുന്നു അഭിനവിൻ്റെ ഇന്നിങ്സ്.
മുംബൈയ്ക്ക് വേണ്ടി കാർത്തിക് കുമാർ മൂന്നും യുവ് രാജ് ചേതൻ പാട്ടീൽ, അദ്വൈത് ഭട്ട്, വേദാന്ത് ഗോറെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ മുംബൈ കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ്.
Content highlights: vijay merchant trophy kerala vs mumbai