വിജയം തുടരാൻ ഇന്ത്യ, തിരിച്ചെത്താൻ ദക്ഷിണാഫ്രിക്ക; രണ്ടാം ടി20 മത്സരം ഇന്ന്

ആദ്യ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്

വിജയം തുടരാൻ ഇന്ത്യ, തിരിച്ചെത്താൻ ദക്ഷിണാഫ്രിക്ക; രണ്ടാം ടി20 മത്സരം ഇന്ന്
dot image

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ആദ്യമായി പുരുഷ അന്താരാഷ്ട്ര മത്സരത്തിന് വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലന്‍പൂര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. കട്ടക്കിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ‌ കൂറ്റൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ആദ്യത്തെ മത്സരത്തില്‍ 101 റണ്‍സിന്‍റെ വമ്പൻ വിജയം നേടിയെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനം ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. പരിക്കുമാറി ടി20 ടീമിൽ ഓപ്പണറായി തിരിച്ചെത്തിയ ശുഭ്മൻ ​ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ​ഗിൽ തിരിച്ചെത്തിയതോടെ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയ ​ഗിൽ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്.

ആദ്യ മത്സരത്തില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ അർധസെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പരിക്കുമൂലം രണ്ടരമാസം നീണ്ട ഇടവേളയ്ക്ക് ശേഷം ​ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായ അർധ സെഞ്ച്വറി നേടിയാണ് ഹാർദിക് ആഘോഷമാക്കിയത്. 28 പന്തിൽ പുറത്താകാതെ 59 റൺസും ഒരു വിക്കറ്റും നേടിയ ഹാർദിക്കിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുത്തതും.

Content Highlights: India vs South Africa second T20 match today

dot image
To advertise here,contact us
dot image