

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. രാഹുലിനെതിരായ ബലാത്സംഗക്കേസിലെ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് കോടതിയുടെ ഉത്തരവെന്ന് ഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നു.
മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നതാണ് പ്രോസിക്യൂഷന്‍ പ്രധാനമായും അപ്പീലില്‍ ഉന്നയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി ഹൈക്കോടതി പരിഗണനയിലാണ്. പ്രതി സമാനകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപ്പീലില്‍ പറയുന്നു.
ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്നും നിര്‍ദേശമുണ്ടായിരുന്നു. ബലാത്സംഗ പരാതിയില്‍ സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പരാതി നല്‍കിയതിലെ കാലതാമസം ചൂണ്ടിക്കാട്ടിയ സെഷന്‍സ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതും കോടതി നിരീക്ഷിച്ചു.
Content Highlights: Government moves High Court to cancel anticipatory bail of Rahul Mankootathil