

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ആസൂത്രിതം എന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പരാമര്‍ശം തള്ളി ഷാനിമോള്‍ ഉസ്മാന്‍. പരാതി ആസൂത്രിതം എന്ന അഭിപ്രായം ശരിയല്ലെന്ന് ഷാനിമോള്‍ പറഞ്ഞു. ആസൂത്രിതം എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ആസൂത്രിതം എന്നത് ബോധപൂര്‍വ്വം പറഞ്ഞതായിരിക്കില്ലെന്നും ഷാനിമോൾ പറഞ്ഞു. സംസാരമധ്യേ വന്നുപോയതായിരിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമില്ല. കെപിസിസി പ്രസിഡന്റ് തന്നെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതെന്നും ഷാനിമോള്‍ ഉസ്മാന്‍ പഞ്ഞു. നേരത്തേ സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിലും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. ഒരു മുഖ്യമന്ത്രിയുടെ നാവില്‍ നിന്നും ഒരിക്കലും വരാന്‍ പാടില്ലാത്ത വാക്കുകളാണ് വന്നതെന്നും കോണ്‍ഗ്രസിനെതിരെ മോശം പരാമര്‍ശം നടത്തുന്ന മുഖ്യമന്ത്രി ചുറ്റുമുളള ആളുകളെക്കൂടി പരിശോധിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്വന്തം ഓഫീസിലുളള ആളുകളുടെ പശ്ചാത്തലം കൂടി പരിശോധിക്കുന്നത് നല്ലതാണെന്നും കോണ്‍ഗ്രസിനെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് അദ്ദേഹത്തിന്റെ അയോഗ്യതയാണ് പുറത്തുകാണിക്കുന്നതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമൊന്നുമില്ലെന്നും പരാതി ആസൂത്രിതമാണ് എന്ന പരാമര്‍ശം ശരിയല്ല. അതിനോട് യോജിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: shanimol usman against cm pinarayi vijayan remarks about congress