

ദുബായിലെ ഹോട്ടലുകളില്‍ ചെക്ക്-ഇന്‍ ചെയ്യുന്ന രീതി അടിമുടി മാറുന്നു. ഡിജിറ്റല്‍, കോണ്‍ടാക്റ്റ്ലെസ് ചെക്ക്-ഇന്‍ സംവിധാനത്തിന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. ഹോട്ടലുകളിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാക്കുന്നതാണ് പുതിയ സംവിധാനം.
ദുബായിലെ ഹോട്ടലില്‍ റൂം എടുക്കുന്ന അതിഥികള്‍ക്ക് ഇനി ഫ്രണ്ട് ഡെസ്‌കില്‍ ക്യൂ നില്‍ക്കാതെ അതിവേഗം പ്രവേശനം നേടാനാകും. പുതിയ സംവിധാനത്തിലൂടെ, ഉപയോക്താക്കള്‍ അവരുടെ ഐഡി വിവരങ്ങളും ബയോമെട്രിക് ഡാറ്റയും ഒരിക്കല്‍ മാത്രം അപ്ലോഡ് ചെയ്താല്‍ മതിയാകും. പിന്നീടുള്ള സന്ദര്‍ശനങ്ങളില്‍, ഈ ഡിജിറ്റല്‍ ഡാറ്റ ഉപയോഗിച്ച് കാത്തിരിപ്പില്ലാതെ കോണ്‍ടാക്റ്റ്ലെസ് ചെക്ക്-ഇന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉപയോക്താവിന്റെ ഐഡിയുടെ കാലാവധി തീരുന്നത് വരെ ഈ വിവരങ്ങള്‍ അതീവ സുരക്ഷിതമായി സൂക്ഷിക്കും. സ്ഥിരം സന്ദര്‍ശകര്‍ക്ക് മുഖം തിരിച്ചറിയല്‍ പോലുള്ള അതിവേഗ വെരിഫിക്കേഷന്‍ വഴി എളുപ്പത്തില്‍ പ്രവേശനം ലഭിക്കും.
ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം വികസിപ്പിച്ചെടുത്ത പുതിയ സംവിധാനമാണ് ദുബായിലെ ഹോട്ടലുകളിലും ഹോളിഡേ ഹോമുകളിലും ഉപയോഗിക്കുന്നത്. ഹോട്ടല്‍ ആപ്പുകളിലും വെബ് പ്ലാറ്റ്ഫോമുകളിലും എളുപ്പത്തില്‍ സംയോജിപ്പിക്കാന്‍ കഴിയുന്ന രൂപത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഹോട്ടല്‍ ചെക്ക് ഇനിന് പുറമെ റെന്റ് എ കാര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും പുതിയ സംവിധാനം നടപ്പിലാക്കാണ് ലക്ഷ്യമിടുന്നത്.
Content Highlights: Dubai introduces contactless hotel check-in technology