'ഷമിയുമായി സംസാരിക്കാനെങ്കിലും ബിസിസിഐ സെലക്ടർമാർ തയ്യാറാകണം'; വിമർശനവുമായി മുൻ താരം

'ഷമി വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ ഭാ​ഗമായ മുതിർന്ന താരമാണ്'

'ഷമിയുമായി സംസാരിക്കാനെങ്കിലും ബിസിസിഐ സെലക്ടർമാർ തയ്യാറാകണം'; വിമർശനവുമായി മുൻ താരം
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് പേസ് ബൗളർ മുഹമ്മദ് ഷമിയെ തുടർച്ചയായി ഒഴിവാക്കുന്നതിൽ രൂക്ഷവിമർശനവുമായി മുൻ താരം മനോജ് തിവാരി. ബിസിസിഐ സെലക്ടർമാരും മുഹമ്മദ് ഷമിയും തമ്മിൽ കൃത്യമായ ആശയവിനിമയം നടക്കുന്നില്ലെന്നാണ് തിവാരിയുടെ ആരോപണം. ഇന്ത്യൻ ടീമിനായി വലിയ സംഭാവന നൽകിയ ഷമിയുമായി സംസാരിക്കാനെങ്കിലും ബിസിസിഐ സെലക്ടർമാർ തയ്യാറാകണമെന്നാണ് തിവാരിയുടെ ആരോപണം.

'ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ബം​ഗാളിനായി മുഹമ്മദ് ഷമി സ്ഥിരമായി വിക്കറ്റുകൾ നേടുന്നു. പക്ഷേ ഷമിയെ ടെസ്റ്റ് മത്സരങ്ങൾക്കോ ഓസ്‌ട്രേലിയയിലെ ഏകദിന മത്സരങ്ങൾക്കോ വേണ്ടി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നില്ല.' ഇന്ത്യ ടുഡെയ്ക്ക് നൽകിയ പ്രതികരണത്തിൽ തിവാരി പറഞ്ഞു.

'ഷമിയുടെ കായികക്ഷമത സംബന്ധിച്ച വിവരം ലഭ്യമല്ലെന്നാണ് സെലക്ടർമാർ പറയുന്നത്. എന്നാൽ അത് ആരുടെ ജോലിയാണ്? ട്രെയിനർമാരും ഫിസിയോമാരുമാണ് വിവരങ്ങൾ നൽകേണ്ടത്. കുറഞ്ഞത്, ഫോൺ എടുത്ത് കളിക്കാരനോട് കാര്യങ്ങൾ അന്വേഷിക്കുകയെങ്കിലും ചെയ്യണം. ഷമി വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ ഭാ​ഗമായ മുതിർന്ന താരമാണ്. കുറഞ്ഞത് നിങ്ങൾക്ക് ഷമിയെ വിളിക്കുകയെങ്കിലും ചെയ്യാം. അതാണ് കോച്ചിന്റെയും സെലക്ഷൻ കമ്മിറ്റിയുടെയും ഉത്തരവാദിത്തം.' തിവാരി വ്യക്തമാക്കി.

2023ലെ ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കാണ് മുഹമ്മദ് ഷമിക്ക് ഇന്ത്യൻ ടീമിലെ അവസരം നഷ്ടമാക്കിയത്. പരിക്കിനെ അവ​ഗണിച്ച് ഇന്ത്യൻ ടീമിൽ തുടർന്ന ഷമി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. എന്നാൽ നീണ്ടകാലം പരിക്കിനെ തുടർന്ന് താരം ചികിത്സയിലായിരുന്നു. 2024ലെ ഐപിഎല്ലും ട്വന്റി 20 ലോകകപ്പും ഷമിക്ക് നഷ്ടമായി. പിന്നീട് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രതാപകാലത്തിന്റെ നിഴൽ മാത്രമായിരുന്നു ഷമിയുടെ ബൗളിങ്.

2025 ഫെബ്രുവരിയിൽ നടന്ന ചാംപ്യൻസ് ട്രോഫിയിലും വിക്കറ്റ് വേട്ടയിൽ ഷമിയായിരുന്നു മുന്നിലുണ്ടായിരുന്നത്. എങ്കിലും റൺസ് ധാരാളം വിട്ടുകൊടുക്കുന്നുമുണ്ട്. ഇതോടെ താരത്തിന്റെ കായികക്ഷമതയിൽ വീണ്ടും സംശയമുണർന്നു. ഇപ്പോൾ രഞ്ജി ട്രോഫിയിലടക്കം കളിക്കുന്നുണ്ടെങ്കിലും താരത്തെ ദേശീയ ടീമിലേക്ക് എടുക്കാത്തതിൽ വിമർശനവും ശക്തമാണ്.

Content Highlights: BCCI Slammed For Ignoring Mohammed Shami Despite Ranji Trophy Heroics

dot image
To advertise here,contact us
dot image