

കൊല്ലം: കര്‍ണാടകയില്‍ ശിവഗിരി മഠത്തിനായി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ശിവഗിരി മഠത്തിന്റെ ആവശ്യപ്രകാരമാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ശിവഗിരിയില്‍ 93-ാമത് തീര്‍ത്ഥാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെയാണ് സിദ്ധരാമയ്യയും പിണറായിയും ഒരേ വേദിയിലെത്തിയത്. സിദ്ധരാമയ്യ സംസാരിക്കുമ്പോള്‍ താന്‍ വേദിയില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. മന്ത്രിസഭാ യോഗം ഉള്ളത് കൊണ്ട് അതിന് പോകേണ്ടി വരുമെന്നും തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കപ്പെടുകയാണെന്നും ഇത് സാംസ്‌കാരിക ഫാസിസമാണെന്ന് തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഐതിഹ്യങ്ങളെ ചരിത്രങ്ങളായി അവതരിപ്പിക്കുന്നു. ജീവിത ചുറ്റുപാടുകളില്‍ കാണുകയും അനുഭവിക്കുകയും ചെയ്ത അസംബന്ധ കാര്യങ്ങള്‍ക്കെതിരെ ശ്രീ നാരായണ ഗുരു ശബ്ദിച്ചിരുന്നുവെന്നും ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ തകര്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
'ബ്രാഹ്‌മണ്യത്തിനെതിരെയാണ് ശ്രീനാരായണ ഗുരു പ്രവര്‍ത്തിച്ചത്. ക്ഷത്രിയ ബ്രാഹ്‌മണ അധികാര വ്യവസ്ഥയ്‌ക്കെതിരെ ഉയര്‍ന്ന, അടിച്ചമര്‍ത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ. ഗുരുവിന്റെ പാതയിലൂടെയാണ് കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. അധികാരം കൈയ്യിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിക്കുന്ന കാലമാണ്. നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടു പോകുന്നു', മുഖ്യമന്ത്രി പറഞ്ഞു.
ആര്‍ദ്രം പദ്ധതിയടക്കം ഗുരു മുന്നോട്ട് വെച്ച സഹജീവി സ്‌നേഹത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്ധവിശ്വാസങ്ങളെ സിലബസില്‍ ചേര്‍ക്കുന്നത് ഗുരുവിനെ ധിക്കരിക്കലാണെന്നും പ്രത്യേക മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ ഗുരു നിന്ദയാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെയുള്ള ശക്തികള്‍ ഇവിടെയുണ്ടെന്നും ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാന്‍ ചിലര്‍ ശ്രമം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: Karnataka CM Siddaramaiah says government will give 5 acre for Sivagiri Madam