

കഴിഞ്ഞ ഐപിഎല്‍ സീസണിനിടയില്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ ഫ്രാഞ്ചൈസി വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ മനോജ് ബദാലെ. സ്വാപ് ഡീലിലൂടെ സഞ്ജുവിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൈമാറിയതിന് പിന്നാലെയാണ് റോയല്‍സ് ഉടമ പ്രതികരണവുമായി രംഗത്തെത്തിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ മോശം സീസണായിരുന്നു കഴിഞ്ഞുപോയതെന്നും സഞ്ജു വ്യക്തിപരമായും വൈകാരികമായും തളര്‍ന്നുപോയിരുന്നെന്നും ബദാലെ വെളിപ്പെടുത്തി.
'കഴിഞ്ഞ വര്‍ഷമാണ് ടീം വിടുന്നതിനെ കുറിച്ച് സഞ്ജു ആദ്യമായി സംസാരിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ അവസാനത്തില്‍ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അത്. മത്സരത്തിന് ശേഷം ഞങ്ങള്‍ ഒരു മീറ്റിംഗ് നടത്തി. വളരെ സത്യസന്ധനായ ആളാണ് സഞ്ജു. അദ്ദേഹം വ്യക്തിപരമായും വൈകാരികമായും തളര്‍ന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെകുറിച്ച് അദ്ദേഹത്തിന് വലിയ കരുതലാണുള്ളത്, 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം സീസണായിരുന്നു അത്. അത് അദ്ദേഹത്തെ ഒരുപാട് കാര്യങ്ങള്‍ ചിന്തിപ്പിച്ചിരിക്കാമെന്ന് ഞാന്‍ കരുതുന്നു', മനോജ് ബദാലെ പറഞ്ഞു.
RR owner Manoj Badale reveals Sanju Samson requested to leave the franchise towards the end of IPL 2025#SanjuSamson #RajasthanRoyals #RR #IPL2025 #IPLNews #CricketUpdates #CricketNews pic.twitter.com/TlfttDri8T
— SportsTiger (@The_SportsTiger) November 16, 2025
രാജസ്ഥാന്‍ റോയല്‍സ് അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു ബദാലെയുടെ വെളിപ്പെടുത്തല്‍. ഫ്രാഞ്ചൈസിക്ക് സഞ്ജു നല്‍കിയ സംഭാവനകളെ കുറിച്ച് ബദാലെ വാചാലനാവുകയും ചെയ്തു. കരിയറിലെ 14 വര്‍ഷത്തെ ഏറ്റവും മികച്ച ഭാഗം, ഒരു ചെറിയ ഇടവേളയോടെയാണെങ്കിലും രാജസ്ഥാന് നല്‍കിയ സഞ്ജു തന്റെ ഐപിഎല്‍ യാത്രയ്ക്ക് ഒരു പുതിയ അധ്യായം ആവശ്യമാണെന്ന് കരുതിയിട്ടുണ്ടാവുമെന്നും ബദാലെ പറഞ്ഞു.
'സഞ്ജു അങ്ങനെയൊരു അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് അത് വളരെ വ്യത്യസ്തമായി തോന്നി. കാരണം അദ്ദേഹം വളരെ ആധികാരികനായ ഒരു വ്യക്തിയാണ്. വെറുതെ അദ്ദേഹം ഒന്നും പറയാറില്ല. 14 വര്‍ഷമായി അദ്ദേഹം ഫ്രാഞ്ചൈസിക്ക് വേണ്ടി അസാധാരണമായ സേവനം അനുഷ്ഠിക്കുന്നയാളാണ്. ആരാധകര്‍ ഗ്രൗണ്ടില്‍ കാണുന്ന ബാറ്റിംഗോ സിക്‌സറുകളോ മാത്രമല്ല രാജസ്ഥാന്‍ റോയല്‍സിന് സഞ്ജു. അദ്ദേഹം ഫ്രാഞ്ചൈസിക്ക് നല്‍കിയ സംഭാവനകള്‍ അതിനേക്കാള്‍ വലുതാണ്', ബദാലെ കൂട്ടിച്ചേര്‍ത്തു.
Content Highlights: Sanju Samson was emotionally drained, asked to leave RR during IPL 2025 says Manoj Badale