

ഹൃദയാഘാതം വളരെയധികം ആശങ്കയുണ്ടാക്കുന്നതും ഗൗരവമേറിയതുമായ ആരോഗ്യപ്രശ്‌നമാണ്. അതുപോലെ ഹൃദാരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു വലിയ പ്രശ്‌നമാണ് 'ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം' അഥവാ 'ടാകോട്‌സുബോ കാര്‍ഡിയോ മയോപ്പതി' . പക്ഷേ ഇത് സംഭവിക്കുന്നത് മാനസികമായ പ്രശ്‌നങ്ങളില്‍നിന്നാണെന്നതാണ് വ്യത്യാസം. വൈകാരികമായ സമ്മര്‍ദ്ദമാണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോമിന് കാരണമാകുന്നത്. ഹൃദയാഘാതംപോലെതന്നെ വൈദ്യസഹായം തേടേണ്ട അവസ്ഥ തന്നെയാണിത്. കടുത്ത സമ്മര്‍ദ്ദം, ദു:ഖം, പെട്ടെന്നുണ്ടാകുന്ന ഞെട്ടല്‍ ഇങ്ങനെയുളള വികാരങ്ങള്‍ നമ്മുടെ ഹൃദയവുമായി എത്രത്തോളം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദം മൂലമാണ് ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ഉണ്ടാകുന്നത്. ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളാണ് ഇതിനുള്ളത്. പക്ഷേ അഡ്രിനാലിന്‍ കോര്‍ട്ടിസോള്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകളുടെ പെട്ടെന്നുള്ള വര്‍ധനവ് ഹൃദയ പേശികളെ ദുര്‍ബലപ്പെടുത്തുമ്പോഴും ഇങ്ങനെ സംഭവിക്കാം. തീവ്രമായ സമ്മര്‍ദ്ദം അനുഭവിക്കുന്ന ശരീരത്തിലെ മറ്റേത് പേശികളും പ്രതികരിക്കുന്നതുപോലെ ഹൃദയവും പ്രതികരിക്കും. ഈ പ്രതികരണം ഹൃദയത്തിന്റെ സാധാരണ താളത്തെ തടസ്സപ്പെടുത്തുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ശരീരംതന്നെ ചെയ്യുന്ന കാര്യമാണെങ്കിലും ഇത് ദുര്‍ബലരായ ആളുകളെ കൂടുതല്‍ ദോഷകരമായി ബാധിച്ചേക്കാം.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുമായി പലപ്പോഴും ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോമിന് സാമ്യമുണ്ട്. കഠിനമായ നെഞ്ചുവേദന, തലകറക്കം, ശ്വാസതടസ്സം, വിയര്‍ക്കുക തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. പ്രിയപ്പെട്ട ഒരാളുടെ മരണം, വേര്‍പിരിയല്‍, ദേഷ്യം, പെട്ടെന്ന് എന്തെങ്കിലും കാണുമ്പോഴോ കേള്‍ക്കുമ്പോഴോ സംഭവിക്കുന്ന ആഘാതം, രോഗങ്ങള്‍, ശസ്ത്രക്രിയ എന്നിവയ്ക്ക് ശേഷം പ്രത്യക്ഷപ്പെടുന്ന ശാരീരിക സമ്മര്‍ദ്ദം ഇവയൊക്കെ ഹൃദയത്തിന്റെ രക്തം പമ്പ് ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയോ ദുര്‍ബലമാക്കുകയോ ചെയ്യും. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

സ്ത്രീകളിലാണ് ബ്രാക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം കൂടുതലായി കാണപ്പെടുന്നതെന്ന് നാഷണല്‍ ഹാര്‍ട്ട് ആന്‍ഡ് ബ്ലഡ് ഇന്‍സിസ്റ്റ്യൂട്ടില്‍ പ്രസിദ്ധീകരിച്ച ഗവേഷണം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍.
Content Highlights :Learn what broken heart syndrome is.