

അണ്ടര്‍ 23 ഏകദിന ടൂര്‍ണ്ണമെന്റില്‍ റെയില്‍വേസിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി കേരളം. നാല് വിക്കറ്റിനാണ് റെയില്‍വേസിനെ കേരളം മുട്ടുകുത്തിച്ചത്. തുടക്കത്തിലെ തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് കേരളം വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 49.2 ഓവറിൽ 266 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 48.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റെയിൽവേസിന് മികച്ച തുടക്കമാണ് ലഭിച്ചത്. അഞ്ചിത് യാദവും ജയന്ത് കയ്വർത്തും ചേർന്ന് ആദ്യ വിക്കറ്റിൽ 55 റൺസ് കൂട്ടിച്ചേർത്തു. 25 റൺസെടുത്ത ജയന്തിനെ അഭിറാമാണ് പുറത്താക്കിയത്. തുടർന്ന് അഞ്ചിത് യാദവും അഭിഷേക് കൗശലും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 125 റൺസ് പിറന്നു. അഞ്ചിത് യാദവിനെ പുറത്താക്കി അഭിറാം തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. 72 പന്തിൽ 80 റൺസ് നേടിയ അഞ്ചിത് ആണ് റെയിൽവേസിൻ്റെ ടോപ് സ്കോറർ.
എന്നാൽ ഒൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ കൂടി നഷ്ടമായത് റെയിൽവേസിന് തിരിച്ചടിയായി.53 റൺസെടുത്ത അഭിഷേക് കൗശലും ഒരു റണ്ണെടുത്ത ക്യാപ്റ്റൻ ഇഷാൻ ഗോയലും റണ്ണൌട്ടിലൂടെയാണ് പുറത്തായത്. വൈഭവ് പാണ്ഡെയെയും തൌഫീഖ് ഉദ്ദിനെയും ആദിത്യ ബൈജു പുറത്താക്കിയപ്പോൾ ധർമ്മേന്ദ്ര ഥാക്കൂറിനെ പവൻ രാജും മടക്കി. ഇതോടെ ഒരു വിക്കറ്റിന് 180 റൺസെന്ന നിലയിൽ നിന്ന് ഏഴ് വിക്കറ്റിന് 189 റൺസിലേക്ക് കൂപ്പുകുത്തുകയായിരുന്നു റെയിൽവേസ്. ഏഴാമനായി ഇറങ്ങി 42 റൺസ് നേടിയ വിരാട് ജയ്സ്വാളിൻ്റെ പ്രകടനമാണ് റെയിൽവേസിൻ്റെ സ്കോർ 266ൽ എത്തിച്ചത്. കേരളത്തിന് വേണ്ടി അഭിറാം മൂന്നും ആദിത്യ ബൈജുവും പവൻ രാജും രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 41 റൺസെടുക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഒമർ അബൂബക്കർ 18 റൺസെടുത്തപ്പോൾ ഗോവിന്ദ് ദേവ് പൈയും ക്യാപ്റ്റൻ രോഹൻ നായരും റണ്ണൊന്നുമെടുക്കാതെ മടങ്ങി. നാലാം വിക്കറ്റിൽ കൃഷ്ണനാരായണും ഷോൺ റോജറും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. 54 റൺസെടുത്ത കൃഷ്ണനാരായൺ തൌഫീഖ് ഉദ്ദീൻ്റെ പന്തിൽ പുറത്തായി.
തുടർന്നെത്തിയ ഷോൺ റോജറും പവന്‍ ശ്രീധറും ചേർന്നുള്ള കൂട്ടുകെട്ടും കേരളത്തിന് കരുത്തായി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. 70 റൺസെടുത്ത ഷോൺ റോജറെ ദമൻദീപ് സിങ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. ഷോൺ റോജർ പുറത്താകുമ്പോൾ 69 പന്തുകളിൽ നിന്ന് 88 റൺസായിരുന്നു കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്.
എന്നാൽ സമ്മർദ്ദത്തിന് അടിപ്പെടാതെ അനായാസം ബാറ്റ് വീശിയ പവൻ ശ്രീധറും സഞ്ജീവ് സതീശനും ചേർന്ന് കേരളത്തിന് വിജയം ഒരുക്കുകയായിരുന്നു. 57 പന്തുകളിൽ 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. പവൻ ശ്രീധർ 56 പന്തുകളിൽ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 71 റൺസെടുത്തു. സഞ്ജീവ് സതീശൻ 29 പന്തുകളിൽ നിന്ന് 38 റൺസുമായി പുറത്താകാതെ നിന്നു. വിജയത്തിന് മൂന്ന് റൺസകലെ പവൻ ശ്രീധർ പുറത്തായെങ്കിലും 11 പന്തുകൾ ബാക്കി നില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തി. റെയിൽവേസിന് വേണ്ടി ജംഷേദ് ആലം നാല് വിക്കറ്റ് വീഴ്ത്തി.
Content Highlights: Under-23 ODI Tournament; Kerala scores a convincing win against Railways