എത്ര പേർ കണ്ടെത്തി?, 'വാരണാസി' ടീസറിലെ ബ്രില്ല്യൻസുകൾ ഡീകോഡ് ചെയ്ത് പ്രേക്ഷകർ; രാജമൗലി ജീനിയസ് എന്ന് കമന്റ്

പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന

എത്ര പേർ കണ്ടെത്തി?, 'വാരണാസി' ടീസറിലെ ബ്രില്ല്യൻസുകൾ ഡീകോഡ് ചെയ്ത് പ്രേക്ഷകർ; രാജമൗലി ജീനിയസ് എന്ന് കമന്റ്
dot image

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരാണാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നു. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇപ്പോഴിതാ ടൈറ്റിൽ വീഡിയോ റിലീസിന് പിന്നാലെ അതിലെ ചില ബ്രില്ല്യൻസുകൾ കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികൾ.

സിനിമയുടെ പശ്ചാത്തലത്തെ അവതരിപ്പിക്കുന്ന തരത്തിലാണ് വാരണാസിയുടെ ടൈറ്റിൽ ടീസർ ഒരുക്കിയിരിക്കുന്നത്. വിഎഫ്എക്സ് കൊണ്ട് സമ്പന്നമായ ടീസറിന്റെ അവസാനം മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ ടീസറിൽ ഉടനീളം സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മഹേഷ് ബാബുവിനെയും പൃഥ്വിരാജിനെയും പ്രിയങ്ക ചോപ്രയെയും ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ടീസറിന്റെ ഒന്നാം മിനിറ്റിൽ ആഫ്രിക്കയിലെ ഷോട്ടിൽ ഒരാൾ ഒരു പാരച്യൂട്ടിൽ പറന്നിറങ്ങുന്നത് കാണാം. ഇത് മഹേഷ് ബാബുവിന്റെ രുദ്ര ആണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ഒപ്പം തൊട്ടടുത്ത സീനിൽ നിറയെ ഹിപ്പൊപ്പൊട്ടാമസുകളുടെ ഇടയിൽ നിന്ന് ഒരു കുരങ്ങൻ ചാടുന്ന രംഗത്തിൽ ഒരു വഞ്ചിൽ നിൽക്കുന്ന മഹേഷിനെയും കാണാനാകും. തൊട്ടടുത്ത സീനിൽ ഒരു ഗുഹയിൽ തലയില്ലാത്ത ഒരു പ്രതിമയുടെ മുകളിലേക്ക് വീഴുന്ന സാരിയുടുത്ത ഒരു രൂപം കാണാം. ഇത് പ്രിയങ്ക ചോപ്രയുടെ മന്ദാകിനിയാണ് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

അതേ ഷോട്ടിൽ മഹേഷ് ബാബുവിനെയും കാണാം. അതിന്റെ അടുത്ത് ലങ്കാ നഗരം കാണിക്കുമ്പോൾ ഹനുമാന്റെ വാലിലൂടെ തേരോടിച്ച് പോകുന്ന മഹേഷ് ബാബുവും തൊട്ടുപിന്നിലായി വീൽ ചെയറിൽ ഒരാൾ ഇരിക്കുന്നതും കാണാം. ഇത് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുംഭയാണ്. ഒരു ചെറിയ അനിമേഷൻ വിഡിയോയിൽ പോലും ഇത്രയധികം ബ്രില്ല്യൻസുകൾ ഒളിപ്പിച്ചുവെച്ച രാജമൗലിയെ പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്.

പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

Content Highlights: varanasi teaser video decoded by fans

dot image
To advertise here,contact us
dot image