ചരിത്രം കുറിച്ച് ജമ്മു കാശ്മീർ ക്രിക്കറ്റ്; രഞ്ജി ട്രോഫിയിൽ ആദ്യമായി ഡൽഹിയെ തോൽപ്പിച്ചു

നാല് മത്സരങ്ങൾ പിന്നിടുമ്പോൾ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും കാശ്മീരിന് സാധിച്ചു

ചരിത്രം കുറിച്ച് ജമ്മു കാശ്മീർ ക്രിക്കറ്റ്; രഞ്ജി ട്രോഫിയിൽ ആദ്യമായി ഡൽഹിയെ തോൽപ്പിച്ചു
dot image

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച മുന്നേറ്റവുമായി ജമ്മു കാശ്മീർ ക്രിക്കറ്റ്. ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയിൽ ഡൽഹിയെ പരാജയപ്പെടുത്തിയിരിക്കുകയാണ് ജമ്മു കാശ്മീർ. ഡൽഹിയിലെ അരുൺ ജയ്റ്റിലി സ്റ്റേഡ‍ിയത്തിലാണ് ഏഴ് വിക്കറ്റിന്റെ വിജയവുമായി ജമ്മു കാശ്മീരിന്റെ ചരിത്ര നേട്ടം.

മത്സരത്തിൽ ടോസ് നേടിയ ജമ്മു കാശ്മീർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 211 എന്ന സ്കോറിൽ ഡൽഹിയെ തളയ്ക്കാൻ കാശ്മീരിന് കഴിഞ്ഞു. ആദ്യ ഇന്നിങ്സ് മറുപടി പറഞ്ഞ ജമ്മു കാശ്മീർ ഒന്നാം ഇന്നിങ്സിൽ 310 റൺസെടുത്തു. പരാസ് ഡോ​ഗ്ര 106 റൺസും അബ്ദുൾ സമദ് 86 റൺസും സംഭാവന ചെയ്തു. ഒന്നാം ഇന്നിങ്സിൽ 99 റൺസിന്റെ ലീഡാണ് കാശ്മീർ നേടിയത്.

രണ്ടാം ഇന്നിങ്സിൽ 277 റൺസാണ് ഡൽഹി നേടിയത്. ഇതോടെ രണ്ടാം ഇന്നിങ്സിൽ 178 റൺസ് ലീഡ് നേടാൻ ഡൽഹിക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന ലക്ഷ്യത്തിലെത്താൻ ജമ്മു കാശ്മീരിന് സാധിച്ചു. പുറത്താകാതെ 133 റൺസ് നേടിയ ഖമ്രാൻ ഇഖ്ബാലിന്റെ പ്രകടനമാണ് ജമ്മു കാശ്മീരിന്റെ വിജയം വേഗത്തിലാക്കിയത്.

രഞ്ജി ട്രോഫി ​ഗ്രൂപ്പ് ഡിയിൽ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും കാശ്മീരിന് സാധിച്ചു. രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് കാശ്മീരിന്റെ നേട്ടങ്ങൾ. പോയിന്റ് ടേബിളിൽ ഒന്നാമതുള്ളത് മുംബൈ ക്രിക്കറ്റ് ടീമാണ്.

Content Highlights: J&K beats Delhi in Ranji Trophy for the first time in 65 years

dot image
To advertise here,contact us
dot image