'ചിലപ്പോൾ മികച്ച താരങ്ങൾ ബെഞ്ചിലിരിക്കേണ്ടി വരും'; കുൽദീപിനും അർഷ്ദീപിനും അവസരമില്ലാത്തതിൽ ഗൗതം ഗംഭീർ

'മത്സരത്തിന്റെ ദിവസം ഏറ്റവും മികച്ച 11 താരങ്ങളെ തിരഞ്ഞെടുക്കുകയെന്നത് മാത്രമാണ് ചെയ്യാൻ കഴിയുക'

'ചിലപ്പോൾ മികച്ച താരങ്ങൾ ബെഞ്ചിലിരിക്കേണ്ടി വരും'; കുൽദീപിനും അർഷ്ദീപിനും അവസരമില്ലാത്തതിൽ ഗൗതം ഗംഭീർ
dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്ലെയിങ് ഇലവനിൽ അർഷ്ദീപ് സിങ്ങിനും കുൽദീപ് യാദവിനും പലപ്പോഴും അവസരം ലഭിക്കാത്തതിൽ പ്രതികരണവുമായി ടീം പരിശീലകൻ ​ഗൗതം ​ഗംഭീർ. ഒരു പരിശീലകനെന്ന നിലയിൽ താൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. പലപ്പോഴും മികച്ച താരങ്ങൾ ബെഞ്ചിലിരിക്കേണ്ട അവസ്ഥയുണ്ടാകുമെന്നാണ് ​ഗൗതം ​ഗംഭീറിന്റെ വാക്കുകൾ.

'ഒരു പരിശീലകൻ എന്ന നിലയിൽ എനിക്ക് നേരിടേണ്ടി വരുന്ന ഏറ്റവും പ്രയാസമേറിയ ഭാഗമാണിത്. എൻ്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയും ഇതാണ്. ചില സമയങ്ങളിൽ, ബെഞ്ചിൽ അത്രയധികം കഴിവുള്ള താരങ്ങൾ ഇരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ടീമിന്റെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാൻ എല്ലാവർക്കും അർഹതയുണ്ടാവും. മത്സരത്തിന്റെ ദിവസം ഏറ്റവും മികച്ച 11 താരങ്ങളെ തിരഞ്ഞെടുക്കുകയെന്നത് മാത്രമാണ് ചെയ്യാൻ കഴിയുക,' ഗംഭീർ പ്രതികരിച്ചു.

'എന്നെ സംബന്ധിച്ചിടത്തോളം, ഏറ്റവും പ്രധാനപ്പെട്ട കാര്യം ആശയവിനിമയമാണ്. ചിലപ്പോൾ, ആശയവിനിമയം നടത്തുന്നത് പ്രയാസകരമാണ്. ഒരാൾ കളിക്കുന്നില്ല എന്ന് പറയുമ്പോൾ, അത് പരിശീലകനും കളിക്കാരനും ഒരുപോലെ പ്രയാസകരമായ സംഭാഷണമായിരിക്കും. കാരണം, കളിക്കുന്ന പതിനൊന്നിൽ ഉൾപ്പെടാൻ അർഹതയുണ്ടായിട്ടും അത് ലഭിക്കാതിരിക്കുമ്പോൾ കളിക്കാരൻ വിഷമിക്കുമെന്ന് എനിക്കറിയാം,' ​ഗംഭീർ വ്യക്തമാക്കി.

അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ ടീമിൽ ഹർഷിത് റാണയെ ഉൾപ്പെടുത്താൻ വേണ്ടി അർഷ്ദീപ് സിങ്ങിനെ പുറത്തിരുത്തിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയ താരമാണ് അർഷ്ദീപ്. എന്നാൽ നാലാം ടി20യിൽ അർഷ്ദീപ് ഇന്ത്യൻ ടീമിൽ എത്തുകയും മികച്ച ബൗളിങ് പുറത്തെടുക്കുകയും ചെയ്തിരുന്നു. സമാനമായി ഇം​ഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നടന്നപ്പോൾ കുൽദീപ് യാദവിന് അവസരം ലഭിച്ചിരുന്നില്ല.

Content Highlights: Gautam Gambhir's First Reaction On Benching Arshdeep Singh, Kuldeep Yadav

dot image
To advertise here,contact us
dot image