

ഐപിഎൽ അടുത്ത സീസണിന് മുമ്പായി ഇന്ത്യൻ താരം വാഷിങ്ടൺ സുന്ദറിന്റെ കൈമാറ്റം നിഷേധിച്ച് ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും. നിലവിൽ ഗുജറാത്ത് ടൈറ്റൻസിനായി കളിക്കുന്ന സുന്ദറിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കുമെന്നാണ് വാർത്തകളുണ്ടായിരുന്നത്.
ഇന്ത്യൻ താരവും മലയാളിയുമായ സഞ്ജു സാംസണിനെ രാജസ്ഥാൻ റോയൽസിൽ നിന്ന് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കരണിനെയും നൽകണമെന്നാണ് രാജസ്ഥാൻ റോയൽസിന്റെ ആവശ്യം. മാസങ്ങൾക്ക് മുമ്പ് ചെന്നൈ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചിരുന്നു. ജഡേജ കൂടി പോയാൽ ചെന്നൈ സൂപ്പർ കിങ്സിന് സ്പിൻ ബൗളിങ്ങിനൊപ്പം ബാറ്റിങ്ങിലും സംഭാവന ചെയ്യാൻ കഴിയുന്ന താരത്തെയാണ് നഷ്ടമാകുക. ഇതോടെയാണ് സ്പിന്നറും ബാറ്റ് ചെയ്യാൻ കഴിയുന്ന താരവുമായ വാഷിങ്ടൺ സുന്ദറിനെ ടീമിലെത്തിക്കാൻ ചെന്നൈ ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. നിലവിൽ നൂർ അഹമ്മദാണ് ചെന്നൈ നിരയിൽ പന്തെറിയുന്ന മറ്റൊരു സ്പിൻ ബൗളർ.
മുൻ സീസണുകളിൽ വലിയ സ്വാധീനം ചെലുത്താത്ത താരമെന്ന നിലയിലാണ് സുന്ദറിനെ ചെന്നൈ മാറ്റിനിർത്തുന്നത്. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ആറ് മത്സരങ്ങൾ മാത്രമാണ് സുന്ദർ കളിച്ചത്. ഏകദേശം 11 ഓവർ താരം പന്തെറിഞ്ഞു. ബാറ്റിങ്ങിൽ അഞ്ച് മത്സരങ്ങളിൽ 133 റൺസും നേടി. സുന്ദറിനെ കൈമാറാൻ ഗുജറാത്തിനും താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: CSK and GT denied Washington Sundar's trade news