

ഇന്ത്യയുടെ വനിതാ ലോകകപ്പ് ജേതാവായ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷിന് സമ്മാനപ്പെരുമഴ. വനിതാ ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം പുറത്തെടുത്ത റിച്ചയെ തേടി പുതിയൊരു പദവി എത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാൾ പൊലീസിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) ആയാണ് താരത്തെ നിയമിച്ചത്.
ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) സംഘടിപ്പിച്ച ചടങ്ങിൽ റിച്ചയെ ആദരിച്ചിരുന്നു. മുൻതാരങ്ങളായ സൗരവ് ഗാംഗുലി, ജുലൻ ഗോസ്വാമി എന്നിവരും പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങിൽ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് നിയമന കത്ത് കൈമാറുകയായിരുന്നു. നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ മുഹമ്മദ് സിറാജ്, ദീപ്തി ശർമ എന്നിവർ ഡിഎസ്പിമാരാണ്.
22കാരിയായ റിച്ചയ്ക്ക് സംസ്ഥാന സർക്കാരിൻ്റെ ബംഗ ഭൂഷൺ അവാർഡും ലഭിച്ചു. റിച്ചയ്ക്ക് ഒരു സ്വർണ്ണ ബാറ്റും പന്തും സിഎബി സമ്മാനമായി നൽകി. കൂടാതെ 34 ലക്ഷം രൂപ ക്യാഷ് അവാർഡും നൽകി. ലോകകപ്പ് ഫൈനലിൽ അവർ നേടിയ ഓരോ റണ്ണിനും ഒരുലക്ഷം രൂപവെച്ചായിരുന്നു സമ്മാനത്തുകയായി 34 ലക്ഷം രൂപ നൽകിയത്.
Content Highlights: Richa Ghosh Honoured With Banga Bhushan, DSP Post And Rs 34-Lakh Reward