

ഏഷ്യാ കപ്പ് ട്രോഫി വിവാദത്തില്‍ നിര്‍ണായക നീക്കവുമായി ബിസിസിഐ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് മൊഹ്സിന്‍ നഖ്‌വിയുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയതായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ വെളിപ്പെടുത്തി. ദുബായിൽ ഐസിസി ബോർഡ് യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഐസിസി സിഇഒ സന്‍ജോഗ് ഗുപ്തയും ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയുമാണ് ദേവ്ജിത് സൈക്കിയയും മൊഹ്സിന്‍ നഖ്‌വിയുമായുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചതെന്നാണ് റിപ്പോർട്ടുകൾ.
നഖ്‌വിയുമായുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്നും മഞ്ഞുരുകിയെന്നും സൈക്കിയ പറഞ്ഞു. ഐസിസി ഭാരവാഹികൾ ഇടപെട്ടാണ് ചർച്ച നടത്തിയതെന്നും സൈക്കിയ സ്ഥിരീകരിച്ചു. ഏഷ്യാ കപ്പ് ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബിസിസിഐയും പിസിബിയും ആലോചിച്ച് പരിഹാരം കാണുമെന്നും വിഷയത്തിൽ ഐസിസിക്ക് ഇടപെടേണ്ടി വേണ്ടിവരില്ലെന്നു സൈക്കിയ പറഞ്ഞു. ഏഷ്യാ കപ്പ് ട്രോഫി സംബന്ധിച്ച തർക്കപരിഹാരത്തിന് ഐസിസി സമിതി രൂപീകരിക്കുമെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.
#WATCH | Guwahati, Assam: On the Asia Cup 2025 trophy row, BCCI Secretary Devajit Saikia says, "So there were a series of meetings in Dubai in the ICC and the final day that was yesterday, there were two meetings. One is the informal board meeting and then followed by the formal… pic.twitter.com/pfeBbFacmx
— ANI (@ANI) November 8, 2025
സെപ്റ്റംബറിൽ നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ശേഷം വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായ മൊഹ്സിൻ നഖ്‍വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് നിലപാടെടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണവും ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളും ക്രിക്കറ്റിലേക്ക് അസ്ഥിരത പടർത്തിയതാണ് ഇന്ത്യൻ താരങ്ങൾ കടുത്ത തീരുമാനം എടുക്കാൻ കാരണമായത്. തുടർന്ന് ട്രോഫി ഇന്ത്യൻ ടീമിന് കൈമാറാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാൻ കൂടിയായ നഖ്‍വി സ്റ്റേഡിയം വിട്ടു. പിന്നാലെ ഇന്ത്യൻ താരങ്ങൾ ട്രോഫി ഇല്ലാതെ വിജയാഘോഷം നടത്തുകയും ചെയ്തു.
Content Highlights: Asia Cup trophy row: ‘Ice broken’ with Mohsin Naqvi, says BCCI secretary Devajit Saikia