

പാലക്കാട്: പല്ലശ്ശനയില്‍ സിപിഐഎം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2010 മുതല്‍ 2020 വരെ പത്ത് വര്‍ഷം ഗ്രാമപഞ്ചായത്ത് അംഗമായും 2015 മുതല്‍ 20 വരെ അഞ്ച് വര്‍ഷം വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച കെ ശ്യാമളയാണ് സിപിഐഎം വിട്ടത്. ശനിയാഴ്ച്ചയായിരുന്നു ശ്യാമള കോണ്‍ഗ്രസിലേക്ക് കൂട് മാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിനിടെ രെു വര്‍ഷം ഇവര്‍ പ്രസിഡന്റ് സ്ഥാനത്തും പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ രമാധരന്‍ സിപിഐഎമ്മിന്റെ ഏരിയ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ശ്യാമള താല്‍കാലികമായി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
ശനിയാഴ്ച്ച നടന്ന സ്വീകരണ ചടങ്ങില്‍ കെപിസിസി മുന്‍ അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി ശ്രീധരനില്‍ നിന്ന് ശ്യാമള അംഗത്വം ഏറ്റുവാങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ തുടങ്ങി ഇങ്ങോട്ട് സിപിഐഎമ്മില്‍ നിന്ന് തനിക്കുണ്ടായ അവഗണനയാണ് പാര്‍ട്ടി വിടാന്‍ കാരണമായത് എന്ന് ശ്യാമള പറഞ്ഞു. രണ്ട് തവണ മത്സരിച്ചു എന്ന കാരണത്താല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിച്ചു എന്നും മറ്റൊരു വനിത നേതാവിന് മൂന്നാം തവണയും സീറ്റ് നല്‍കിയെന്നും ശ്യാമള ആരോപിച്ചു.
Content Highlight; Former Panchayat Vice President quits CPIM to join Congress