

ആലപ്പുഴ: ആലപ്പുഴ പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇനി അറിയപ്പെടുക അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരില്‍. വി എസ് പഠിച്ച പറവൂര്‍ എച്ച്എസ്എസിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന ആവശ്യം പരിഗണിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ ജി സുധാകരന് അയച്ച കത്തിലാണ് വി ശിവന്‍കുട്ടി ഇക്കാര്യം അറിയിച്ചത്. പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വി എസിന്റെ പേര് നല്‍കണമെന്ന് ജി സുധാകരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
'സഖാവ് വിഎസ് പഠിച്ച ആലപ്പുഴയിലെ പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന ആവശ്യം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക് രേഖാമൂലം നൽകിയിരുന്നു. സ്കൂളിന് വിഎസ് അച്യുതാനന്ദന്റെ പേര് നൽകാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു വരുന്ന വിവരം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി അയച്ച കത്ത് ഇന്നു കിട്ടി. മന്ത്രിയുടെ ഉത്തരവിന്‍റെ പകർപ്പ് പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും അയച്ചു തന്നിട്ടുണ്ട്. മന്ത്രി വി.ശിവന്‍കുട്ടിയെയും, വിദ്യാഭ്യാസ സെക്രട്ടറിയെയും, വിദ്യാഭ്യാസ ഡയറക്ടറേയും ഹാർദ്ദമായി നാടിനുവേണ്ടി അഭിനന്ദിക്കുന്നു': എന്നാണ് ജി സുധാകരൻ വി ശിവൻകുട്ടിയുടെ കത്ത് പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്.
'പ്രിയമുളള സുധാകരേട്ടന്' എന്നായിരുന്നു ജി സുധാകരന് അയച്ച കത്തിലെ മന്ത്രി വി ശിവൻകുട്ടിയുടെ അഭിസംബോധന. 'എന്നെ അങ്ങനെയാണ് അദ്ദേഹം വിളിക്കുന്നത്. നേരത്തെ അദ്ദേഹം എസ്എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് ഞാന്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ സിന്‍ഡിക്കേറ്റ് മെമ്പറായിട്ടും എസ്എഫ് ഐയുടെ ഭാരവാഹിയായിട്ടുമൊക്കെ. അന്നുമുതലേ അദ്ദേഹം സുധാകരേട്ടാ എന്നാണ് വിളിച്ചിരുന്നത്. അതില്‍ മാറ്റമൊന്നുമില്ല' എന്നാണ് ഈ അഭിസംബോധനയെക്കുറിച്ച് സുധാകരന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.
Content Highlights: Paravur Higher Secondary School will be named after vs achuthanandan