കിളിയെ കിളിയെ…, ലോകയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ദുൽഖർ; മലയാളത്തിലേക്ക് മടങ്ങി വരൂ എന്ന് ആരാധകർ

കാന്തയിലെ നായികയായ ഭാഗ്യശ്രീയും ദുൽഖറിനൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്

കിളിയെ കിളിയെ…, ലോകയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ദുൽഖർ; മലയാളത്തിലേക്ക് മടങ്ങി വരൂ എന്ന് ആരാധകർ
dot image

മലയാള സിനിമ ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ കളം വിട്ടത്. ചിത്രത്തിൽ നിന്നുള്ള 'കിളിയെ കിളിയെ' എന്ന ഗാനത്തിന്റെ റീമിക്സ് വേർഷൻ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ് ദുൽഖർ സൽമാൻ.

ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമയായ കാന്തയുടെ റിലീസിനോട് അനുബന്ധിച്ച് നടൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയിരുന്നു. ഈ പരിപാടിയിൽ വെച്ചാണ് കിളിയെ കിളിയെക്കൊപ്പം ദുൽഖർ ചുവടുവെച്ചത്. കാന്തയിലെ നായികയായ ഭാഗ്യശ്രീയും ദുൽഖറിനൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് ദുൽഖറിന്റെ ഈ ഡാൻസ് വീഡിയോ വൈറലായത്. അതേസമയം, ലോക ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്‌ട്രീമിംഗ്‌ ചെയ്യുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.

നവംബർ 14 നാണ് കാന്ത പുറത്തിറങ്ങുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. വില്ലൻ ഭാവങ്ങൾ കൂടെയുള്ള ദുൽഖറിനെയാണ് സിനിമയിൽ കാണാൻ കഴിയുകയെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. റാണ ദഗ്ഗുബതി പോലീസ് വേഷത്തിലാണ് സിനിമയിൽ എത്തുന്നത്. നിമിഷനേരം കൊണ്ട് തന്നെ ട്രെയ്‌ലർ ആരാധരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Content Highlights: Dulquer Salman dances to kiliye kiliye song

dot image
To advertise here,contact us
dot image