മത്സരങ്ങളെ സ്വാധീനിക്കാന്‍ BCCI ഇടപെട്ടു; ഗാംഗുലിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ റഫറി

താൻ‌ മാച്ച് റഫറിയായിരിക്കെ നടന്ന ഒരു സംഭവം ക്രിസ് ബ്രോഡ് വെളിപ്പെടുത്തുകയും ചെയ്തു

മത്സരങ്ങളെ സ്വാധീനിക്കാന്‍ BCCI ഇടപെട്ടു; ഗാംഗുലിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ റഫറി
dot image

ബിസിസിഐക്കെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഐസിസിയുടെ മുൻ റഫറിയും ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവുമായ ക്രിസ് ബ്രോഡ്. മത്സരങ്ങളുടെ ഫലത്തെ സ്വാധീനിക്കാൻ ബിസിസിഐ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന് 68 കാരനായ ക്രിസ് ബ്രോഡ് ആരോപിച്ചു. സൗരവ് ഗാംഗുലി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന കാലത്ത് നടന്നിരുന്ന രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചാണ് ക്രിസ് ബ്രോഡ് ടെലിഗ്രാഫിനോടുള്ള അഭിമുഖത്തിൽ തുറന്നുപറഞ്ഞത്.

പല മത്സരങ്ങളിലും ഇന്ത്യ കൃത്രിമത്വം കാണിച്ചിരുന്നെന്നാണ് ബ്രോഡിന്റെ ആരോപണം. താൻ‌ മാച്ച് റഫറിയായിരിക്കെ നടന്ന ഒരു സംഭവം ക്രിസ് ബ്രോഡ് വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്‌ക്കെതിരെ സ്ലോ ഓവർ റേറ്റിന് പിഴശിക്ഷ വിധിച്ചെങ്കിലും മൃദുവായി പെരുമാറാൻ ബിസിസിഐയിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നെന്നും ബ്രോഡ് പറഞ്ഞു.

"മത്സരത്തിന്റെ അവസാനം ഇന്ത്യ നിശ്ചിത സമയത്തേക്കാൾ മൂന്നോ നാലോ ഓവർ പിന്നിലായിരുന്നു. അതുകൊണ്ട് പിഴ വിധിക്കേണ്ടി വന്നു. അപ്പോൾ എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചു, 'മയത്തിലൊക്കെ ചെയ്യുക. കാരണം ഇത് ഇന്ത്യയാണ്'. അതിനാൽ ഞങ്ങൾക്ക് കുറച്ച് സമയം കണ്ടെത്തി നിയമത്തിന്റെ പരിധിക്ക് താഴെ കൊണ്ടുവരേണ്ടി വന്നു", ബ്രോഡ് പറഞ്ഞു.

"അടുത്ത മത്സരത്തിലും അതുതന്നെ സംഭവിച്ചു. പ​ക്ഷേ ​ഗാം​ഗുലി ആ തിരക്കുകളൊന്നും ശ്രദ്ധിച്ചില്ല. അതുകൊണ്ട് ഞാൻ ഫോണിൽ വിളിച്ച് 'ഇപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടതെ'ന്ന് ചോദിക്കേണ്ടി വന്നിട്ടുണ്ട്. തുടക്കം മുതൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ രാഷ്ട്രീയം ഉൾപ്പെട്ടിരുന്നു. ഇപ്പോൾ പലരും‌ അങ്ങനെ ഇടപെടുന്നുണ്ടാവാം, എനിക്കറിയില്ല," ബ്രോഡ് അവകാശപ്പെട്ടു.

"ഇന്ത്യയ്ക്ക് ഒരുപാട് പണം ലഭിച്ചതോടെ ഇപ്പോൾ ഐസിസിയുടെ പല വിധങ്ങളിലുള്ള നിയന്ത്രണവും ഏറ്റെടുത്തു. ഞാൻ ഇപ്പോൾ മാച്ച് റഫറിയല്ലാത്തതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ഇപ്പോൾ അത് എക്കാലത്തേക്കാളും വലിയ രാഷ്ട്രീയമാണ്", ബ്രോഡ് കൂട്ടിച്ചേർത്തു.

Content Highlights: Ex ICC Referee Chris Broad accuses BCCI of influencing matches; slams Sourav Ganguly

dot image
To advertise here,contact us
dot image