

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ഇതിനിടെ ദ്വാരപാലക പാളികള്‍ 39 ദിവസം കയ്യില്‍ വച്ചത് നാഗേഷ് അല്ലെന്നും, നരേഷ് എന്നയാളാണെന്നും എസ്‌ഐടി കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നാഗേഷ് എന്ന പേര് പറഞ്ഞതെന്നാണ് എസ്‌ഐടിയുടെ നിഗമനം.
നിര്‍ണായക കണ്ടെത്തലാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി നടത്തിയത്.
ഹൈദരാബാദില്‍ വെച്ച് 2019 ല്‍ ദ്വാരപാലക പാളികള്‍ വാങ്ങിയത് നാഗേഷ് അല്ല, നരേഷ് ആണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. നാഗേഷ് എന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം വിജിലന്‍സിന് തെറ്റായ മൊഴി നല്‍കി. എസ്‌ഐടിയുടെ അന്വേഷണത്തിലാണ് പേരിലെ മാറ്റം കണ്ടെത്തിയത്. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 2019-ല്‍ പാളികള്‍ ഏറ്റെടുത്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തായ അനന്തസുബ്രഹ്‌മണ്യമാണ്. അയാള്‍ ഈ പാളികള്‍ ആദ്യം ബെംഗളൂരുവില്‍ കൊണ്ടുപോവുകയും, അവിടെ നിന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ഹൈദരാബാദില്‍ വെച്ച് നാഗേഷ് എന്ന് പേരുള്ള ഒരാളുടെ പക്കലാണ് ഈ സ്വര്‍ണപ്പാളികള്‍ കൈമാറിയതെന്നാണ് പോറ്റിയുടെ മൊഴി ഉദ്ധരിച്ച് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് നാഗേഷ് 39 ദിവസം ഹൈദരാബാദില്‍ സ്വര്‍ണപ്പാളികള്‍ കൈവശം വെച്ചിരുന്നു. അതിനുശേഷമാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് പാളികളുമായി എത്തിയത്. എന്നാല്‍ എസ്‌ഐടി അനന്തസുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്തതോടുകൂടിയാണ്, പേരിലെ മാറ്റം കണ്ടെത്തിയത്. നാഗേഷ് എന്ന പേര് അന്വേഷണം വഴിതിരിച്ചുവിടാന്‍ വേണ്ടി പോറ്റി പറഞ്ഞതാണെന്നാണ് കണ്ടെത്തല്‍.
Content Highlights: Sabarimala Gold Case Murari Babu remanded in custody