ശ്രേയസ് ഇന്ത്യയിലേക്ക് എന്ന് തിരിച്ചുപോകും? പരിക്കില്‍ നിര്‍ണായക അപ്‌ഡേറ്റുമായി സൂര്യകുമാര്‍ യാദവ്, വീഡിയോ

ശ്രേയസ് അപകടനില തരണം ചെയ്തെന്നും മെസ്സേജുകൾക്കെല്ലാം മറുപടി അയയ്ക്കുന്നുണ്ടെന്നും ക്യാപ്റ്റൻ സൂര്യ പറഞ്ഞു

ശ്രേയസ് ഇന്ത്യയിലേക്ക് എന്ന് തിരിച്ചുപോകും? പരിക്കില്‍ നിര്‍ണായക അപ്‌ഡേറ്റുമായി സൂര്യകുമാര്‍ യാദവ്, വീഡിയോ
dot image

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കിനെ കുറിച്ചുള്ള നിർണായക അപ്ഡേറ്റുകൾ പുറത്തുവിട്ട് ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുൻപുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവേയാണ് ശ്രേയസ് അയ്യരുടെ പരിക്കിനെ കുറിച്ച് സൂര്യകുമാർ പ്രതികരിച്ചത്. നിലവിൽ ശ്രേയസ് ഇന്ത്യയുടെ ടി20 ടീമിന്റെ ഭാ​ഗമല്ല. എങ്കിലും കാൻബറയിലെ ഇന്ത്യൻ ടീം സിഡ്‌നിയിൽ ചികിത്സയിലുള്ള താരത്തിന്റെ ആരോ​ഗ്യനിലയെ കുറിച്ച് സൂര്യ പ്രതീക്ഷയർപ്പിച്ചു.

ശ്രേയസ് അപകടനില തരണം ചെയ്തെന്നും മെസ്സേജുകൾക്കെല്ലാം മറുപടി അയയ്ക്കുന്നുണ്ടെന്നും ക്യാപ്റ്റൻ സൂര്യ പറഞ്ഞു. സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രേയസ് ഇന്ത്യയിലേക്ക് തിരിച്ചുപോവുന്നതിനെ കുറിച്ചും സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

'അയ്യരുടെ പരിക്കിനെക്കുറിച്ച് അറിഞ്ഞതും ഞാൻ ഞങ്ങളുടെ ഫിസിയോ കമലേഷ് ജെയിനിനെ വിളിച്ചിരുന്നു. ശ്രേയസ് ഇപ്പോൾ ഫോണിലൂടെ മറുപടി നൽകുന്നുണ്ട്. അതിനർത്ഥം അദ്ദേഹം ഇപ്പോൾ സ്റ്റേബിളാണെന്നാണ്. ഡോക്ടർമാർ അദ്ദേഹത്തോടൊപ്പം തന്നെയുണ്ട്. ശ്രേയസ് ആളുകളുമായി സംസാരിക്കുന്നുണ്ട്. അതുകൊണ്ട് സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാലും അടുത്ത കുറച്ച് ദിവസത്തേക്ക് അദ്ദേഹം നിരീക്ഷണത്തിലായിരിക്കും', സൂര്യകുമാർ പറഞ്ഞു.

'ശ്രേയസിന് സംഭവിച്ചത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ അപൂർവമായാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുക. എന്നാൽ ശ്രേയസ് അയ്യരെ പോലുള്ള അപൂർവ പ്രതിഭകൾക്ക് അപൂർവമായ കാര്യങ്ങൾ സംഭവിക്കുന്നു. ദൈവകൃപയാൽ ഇപ്പോൾ എല്ലാം ശരിയാണ്. (പരമ്പരയ്ക്ക് ശേഷം ഞങ്ങൾ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുപോകും", സൂര്യ കൂട്ടിച്ചേർത്തു.

ഒക്ടോബർ 29 ബുധനാഴ്ചയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളുള്ള പരമ്പര നവംബർ എട്ടിനാണ് അവസാനിക്കുക.

Content Highlights: Suryakumar Yadav Gives Fresh Update On Shreyas Iyer's injury

dot image
To advertise here,contact us
dot image