

കണ്ണില്‍ നോക്കിയാല്‍ മനസില്‍ ഉള്ളത് വായിക്കാനാകുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും കണ്ണുകള്‍ക്ക് ഹൃദയത്തിന്റെ ആരോഗ്യം വെളിപ്പെടുത്താന്‍ സാധിക്കുമെന്നുള്ളത് പുതിയ അറിവ് തന്നെയാണ്. ഒരു പുതിയ കനേഡിയന്‍ പഠനം അനുസരിച്ച് നേത്ര പരിശോധനയിലൂടെ മാരകമായ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിയാന്‍ കഴിയും എന്നാണ് പറയുന്നത്. റെറ്റിനയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ സൂചിപ്പിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടുപിടുത്തം.

പിഎംസി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ള പലര്‍ക്കും റെറ്റിനയില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ്. റെറ്റിനയിലെ ധമനികളിലോ സിരകളിലോ ഉണ്ടാകുന്ന തടസ്സങ്ങള്‍, ഹൈപ്പര്‍ടെന്‍സീവ് റെറ്റിനോപ്പതി അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടാകുന്ന കേടുപാടുകള്‍, ഡയബറ്റിക് റെറ്റിനോപ്പതി ഇവയൊക്കെ ഹൃദയസംബന്ധമായ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. കണ്‍പോളകളിലെ സാന്തെലാസ്മ അല്ലെങ്കില്‍ കൊളസ്‌ട്രോള്‍ നിക്ഷേപം, കോര്‍ണിയയ്ക്ക് ചുറ്റും ഒരു വളയം പോലെ രൂപപ്പെടുന്ന ആര്‍ക്കസ് സെനിലിസ് എന്നിവയും ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം സൂചിപ്പികക്കുന്നത് കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവിനെയാണ്.

70,000 ത്തിലധികം ആളുകളില്‍നിന്ന് ശേഖരിച്ച ഡാറ്റയില്‍ നിന്നാണ് പഠനം നടന്നത്. അവരുടെ റെറ്റിന സ്‌കാനുകള്‍, ജനിതക വിവരങ്ങള്‍, രക്തപരിശോധനകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. കണ്ണുകളില്‍ നേര്‍ത്തതും ശാഖകള്‍ കുറവുള്ളതുമായ രക്തക്കുഴലുകള്‍ ഉളളവര്‍ക്ക് ഹൃദ്‌രോഗ സാധ്യതയും കുറഞ്ഞ ആയുസ് ഉള്‍പ്പടെയുളള ജൈവ വാര്‍ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളും കാണിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭാവിയില്‍ റെറ്റിനയില്‍ നടത്തുന്ന സ്‌കാനുകള്‍ കൊണ്ട് മാത്രം വാര്‍ദ്ധക്യത്തെയും ഹൃദയ സംബന്ധമായ അപകട സാധ്യതയേയും കുറിച്ച് വേഗത്തില്‍ അറിവ് ലഭിക്കുമെന്നും പറയപ്പെടുന്നു.

ശരീരത്തിലുടനീളമുള്ള രക്തക്കുഴലുകളെ ഹൃദ്‌രോഗം സാവധാനം നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഹൃദ്‌രോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും നിശബ്ദവുമാണ്. കണ്ണുകളില്‍ അതിലോലവും നേര്‍ത്തതുമായ രക്തക്കുഴലുകള്‍ ഉള്ളതിനാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അവയ്ക്ക് നേരത്തെ കേടുപാടുകള്‍ സംഭവിക്കാം.
Content Highlights :New study suggests early signs of heart disease can be detected through the eyes