

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കിൽ പുരോഗതി. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റ ശ്രേയസ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് നിലവിൽ സിഡ്നി ആശുപത്രിയിലാണ്. താരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയെന്നും അപകടനില തരണം ചെയ്തുവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അപകടനില തരണം ചെയ്തെങ്കിലും അതീവ ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യമായതിനാല്‍ ഏഴ് ദിവസം കൂടി ആശുപത്രിയില്‍ തുടരുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അണുബാധ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പരിചരണം ഒരാഴ്ച കൂടി നീട്ടുന്നചെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബിസിസിഐയുടെ മെഡിക്കല്‍ ടീം ശ്രേയസിന്റെ ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നുണ്ട്. സിഡ്നിയിലെ ഡോക്ടര്‍മാര്‍ക്കൊപ്പം ടീം ഡോക്ടറുടെ സേവനവും ശ്രേയസിന് ലഭ്യമാക്കുന്നുണ്ട്.
ശ്രേയസിന്റെ കൂടെ നിലവിൽ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. വിസ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ കുടുംബാംഗങ്ങളില്‍ ഒരാള്‍ എത്തുമെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്കേറ്റ ശ്രേയസിനെ കാണാൻ താരത്തിന്റെ മാതാപിതാക്കൾ സിഡ‍്നിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. മകനോടൊപ്പം ചേരുന്നതിന് ശ്രേയസിന്റെ മാതാപിതാക്കൾ അടിയന്തര വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്‌സ് കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് സംഭവം. മനോഹരമായ ക്യാച്ചിന് ശേഷം ഗുരുതരമായി പരിക്കേറ്റ ശ്രേയസിനെ ഡ്രസ്സിങ് റൂമിലേക്ക് എത്തിച്ചതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയതായി ബിസിസിഐ അറിയിച്ചിരുന്നു. ഏകദേശം മൂന്നാഴ്ചയോളം ശ്രേയസ് അയ്യർ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് തുടക്കത്തിലെ വിവരം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പരിക്ക് ഭേദമാകാനുള്ള സമയം ഇനി കൂടുതലായേക്കാമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
Content Highlights: Shreyas Iyer out of ICU after injury, condition stable