'ആഴ്ചയിൽ 80 മണിക്കൂർ വരെ ജോലിചെയ്യുന്ന ആളെ ആവശ്യമുണ്ട്'; ബെംഗളൂരു കമ്പനിയുടമയുടെ പോസ്റ്റ്; വിമർശനം

തുടക്കക്കാരനെ വേണ്ട എന്ന് എടുത്തുപറയുന്നുമുണ്ട്

'ആഴ്ചയിൽ 80 മണിക്കൂർ വരെ ജോലിചെയ്യുന്ന ആളെ ആവശ്യമുണ്ട്'; ബെംഗളൂരു കമ്പനിയുടമയുടെ പോസ്റ്റ്; വിമർശനം
dot image

രു തൊഴിലാളി ജോലി ചെയ്യേണ്ട സമയത്തെക്കുറിച്ചുള്ള ചർച്ചകൾ ഒരുപാട് നടക്കുന്ന കാലമാണ് ഇപ്പോഴുള്ളത്. ആഴ്ചയിൽ എത്ര മണിക്കൂർ ജോലി ചെയ്യണം എന്നത് സംബന്ധിച്ച് നിയമങ്ങളും മറ്റും ഉണ്ടെങ്കിലും പലപ്പോഴും പലർക്കും അത് സാധിക്കാറില്ല. മാത്രമല്ല, തൊഴിലാളിയെ മനഃപൂര്‍വം ചൂഷണം ചെയ്യാൻ സ്ഥാപനങ്ങളുമുണ്ട്. ഓവർടൈമിന് പണം നൽകാതെയും മറ്റുമാണ് തൊഴിലാളികളെക്കൊണ്ട് ഇവർ ജോലി ചെയ്യിക്കുക. ഇങ്ങനെയെല്ലാം ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ആഴ്ചയിൽ 80 മണിക്കൂർ വരെ ജോലി ചെയ്യാൻ ആളെ ആവശ്യമുണ്ട് എന്നൊരു പോസ്റ്റ് ആണ് ചർച്ചയാകുന്നത്.

ബെംഗളൂരുവിലെ റണബിൾ എന്ന കമ്പനിയുടെ സ്ഥാപകനായ ഉമേഷ് കുമാർ ആണ് ഇത്തരത്തിൽ സമയം നോക്കാതെ ജോലി ചെയ്യുന്ന ഒരാൾ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഫുൾ സ്റ്റാക്ക് എൻജിനീയറെ വേണമെന്ന് പറയുന്ന ഉമേഷ് ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഓഫീസിലായിരിക്കും ജോലി, ആറ് ദിവസം ജോലി ചെയ്യണം, ഒരാഴ്ച 60 മുതൽ 80 മണിക്കൂർ വരെ ജോലി ചെയ്യേണ്ടിവരും തുടങ്ങിയവയാണ് നിബന്ധനകൾ. തുടക്കക്കാരനെ വേണ്ട എന്ന് എടുത്തുപറയുന്നുമുണ്ട് ഉമേഷ്.

Also Read:

എന്തുകൊണ്ടാണ് ഇത്രയും നേരം ജോലി ചെയ്യേണ്ടത് എന്നതിന് ഉമേഷിന് ഒരു കാരണവുമുണ്ട്. ഒരു വ്യക്തിയുടെ ഇരുപതുകൾ എന്നത് ഒരു നിബന്ധനകൾക്കും കീഴ്പ്പെടാതെ പെട്ടെന്ന് വളരാൻ സാധിക്കുന്ന, കരിയറിൽ ഒരു അടിത്തറ സൃഷ്ടിക്കാൻ സാധിക്കുന്ന പ്രായമാണെന്നും ഈ പ്രായത്തിൽ കഷ്ടപ്പെടുക തന്നെ വേണം എന്നുമാണ് ഉമേഷ് പറയുന്നത്.

നിരവധി പേരാണ് ഉമേഷിന്റെ പോസ്റ്റിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 80 മണിക്കൂർ എന്നത് അനാരോഗ്യകരമാണെന്നും നിയമവിരുദ്ധമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരത്തിൽ ജോലി ചെയ്യുന്നത് നമ്മുടെ ക്രിയേറ്റിവിറ്റിയെയും ജോലിയെയും തന്നെ ബാധിക്കുമെന്നും ചിലർ പറയുന്നുണ്ട്. എന്നാലും ആഴ്ചയിൽ ഇത്രയുംതന്നെ ജോലി ചെയ്യുന്ന ആൾ വേണമെന്നുതന്നെയാണ് ഉമേഷ് പറയുന്നത്.

Content Highlights: entrepreneur wants employees to work 80 hours a week, post goes viral

dot image
To advertise here,contact us
dot image