'പെർഫോം ചെയ്തില്ലെങ്കിൽ ടീമിന് പുറത്ത്', ഹർഷിത്തിനെ ഗംഭീർ 'ഭീഷണിപ്പെടുത്തി'? വെളിപ്പെടുത്തലുമായി മുൻ കോച്ച്

മൂന്നാം ഏകദിനത്തിൽ ഹർഷിത്തിന്റെ മികച്ച പ്രകടനത്തിന് പിന്നിൽ കോച്ച് ​ഗംഭീറിന്റെ ഇടപെടലാണെന്നാണ് താരത്തിന്റെ മുൻ കോച്ച് പറയുന്നത്

'പെർഫോം ചെയ്തില്ലെങ്കിൽ ടീമിന് പുറത്ത്', ഹർഷിത്തിനെ ഗംഭീർ 'ഭീഷണിപ്പെടുത്തി'? വെളിപ്പെടുത്തലുമായി മുൻ കോച്ച്
dot image

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയുടെ യുവ പേസർ ഹ​ർഷിത് റാണ പന്തുകൊണ്ട് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നാല് വിക്കറ്റുകളുമായി ഓസ്ട്രേലിയയെ ചെറിയ സ്കോറിലേക്കൊതുക്കിയത് ഹർഷിത്തിന്റെ മികവാണ്. ഹർഷിത്തിന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ മൂന്ന് ഫോർമാറ്റിലും അവസരം നൽകുന്നതിനെതിരേ വ്യാപക വിമർശനങ്ങളും ട്രോളുകളുമാണ് ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ഹർഷിത് റാണ പന്തുകൊണ്ട് നിർണായക പ്രകടനം പുറത്തെടുത്ത് വിമർശകരുടെ വായടപ്പിച്ചത്.

എന്നാൽ ഹർഷിത്തിന്റെ മികവുറ്റ പ്രകടനത്തിന് പിന്നിൽ കോച്ച് ​ഗംഭീറിന്റെ ഇടപെടലാണെന്നാണ് താരത്തിന്റെ മുൻ കോച്ച് ശ്രാവൺ പറയുന്നത്.സിഡ്നിയിൽ നടന്ന മൂന്നാം ഏകദിനത്തിലും തിളങ്ങാൻ സാധിക്കാതെ പോയാൽ ടീമിൽ നിന്ന് പുറത്താക്കുമെന്ന് ഗംഭീർ ഹർഷിതിനോട് പറഞ്ഞിരുന്നു. ഈ ഭീഷണിയാണ് ഫലം കണ്ടതെന്നാണ് ശ്രാവൺ പറയുന്നത്.

'ഹർഷിത് എന്നെ വിളിച്ചിരുന്നു. പുറത്തുള്ള വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തണമെന്ന് ആഗ്രഹിക്കുകയാണെന്ന് പറഞ്ഞു. സ്വന്തം കരുത്തിൽ വിശ്വസിച്ച് കളിക്കാനാണ് ഞാൻ അവനോട് പറഞ്ഞത്. ഗംഭീറിന്റെ താൽപര്യമാണ് ഹർഷിത്തിനെ ടീമിലെടുക്കാനും അവസരം നൽകാനും കാരണമെന്നുള്ള തരത്തിൽ അഭിപ്രായങ്ങളുണ്ടെന്ന് എനിക്കറിയാം. പക്ഷേ അവന്റെ കഴിവ് എന്താണെന്ന് ഗംഭീറിന് അറിയാം. അതുകൊണ്ടാണ് പിന്തുണച്ചത്', ശ്രാവൺ പറഞ്ഞു.

'ഗംഭീർ ഇത്തരത്തിൽ നിരവധി യുവതാരങ്ങളെ പിന്തുണച്ച് വളർത്തിയിട്ടുണ്ട്. അവരെല്ലാം പിന്നീട് അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്. സത്യത്തിൽ ​ഗംഭീർ ഹർഷിത്തിനെ നന്നായി വഴക്കുപറയുകയാണ് ചെയ്തത്. 'പെർഫോം ചെയ്തേ പറ്റൂ, ഇല്ലെങ്കിൽ ടീമിൽ നിന്ന് പുറത്താക്കും' എന്ന് ​ഗംഭീർ നേരിട്ട് ഹർഷിത്തിനോട് പറഞ്ഞിട്ടുണ്ട്. പറയാനുള്ളത് ആരാണെന്നുപോലും നോക്കാതെ ​പറയുന്നയാളാണ് ​ഗംഭീർ', ശ്രാവൺ കൂട്ടിച്ചേർത്തു.

Content Highlights: Gautam Gambhir Scolds Harshit Rana Amid Outside Noise Over Selection

dot image
To advertise here,contact us
dot image