

സർഫറാസ് ഖാനെ ഇന്ത്യ എ ടീമിലേക്ക് പരിഗണിക്കാത്തതിൽ പ്രതികരണവുമായി മുംബൈ ക്യാപ്റ്റന്‍ ഷാര്‍ദുല്‍ താക്കൂര്‍. സർഫറാസിന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യ എ ടീമില്‍ കളിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ലെന്നും വീണ്ടും സ്‌കോറിംഗ് പുനരാരംഭിച്ചാല്‍, ഉടന്‍ തന്നെ ടെസ്റ്റ് പരമ്പര കളിക്കാന്‍ കഴിയുമെന്നും ഷാര്‍ദുല്‍ പറഞ്ഞു.
ബുച്ചി ബാബു ട്രോഫിയില്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം രണ്ടോ മൂന്നോ സെഞ്ച്വറികള്‍ നേടി. അദ്ദേഹം പരിക്കിന് ശേഷം തിരിച്ചുവന്നുകൊണ്ടിരിക്കുന്ന സമയമാണിത്. ശേഷം ഇപ്പോൾ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു, ഉടൻ തന്നെ ടീമിൽ എത്താനാകുമെന്നും താക്കൂർ പറഞ്ഞു.
2024ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത് കനത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. ശാരീരികമായി മാറ്റം വന്നെങ്കിലും, ഇംഗ്ലണ്ട് പര്യടനത്തിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല.
പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയില്‍ നിന്നും അദ്ദേഹത്തെ അവഗണിച്ചു. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലും മുംബൈ താരത്തെ ഉള്‍പ്പെടുത്താത്തത് ആരാധകരെ ആശ്ചര്യപ്പെടുത്തി. തുടർന്ന് വിഷയത്തിൽ ബി ജെപിയും കോൺഗ്രസും വരെ വാക്കുതർക്കത്തിലേർപ്പെട്ടു. ആ സമയത്താണ് സർഫറാസ് കളിക്കുന്ന മുംബൈ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഷാര്‍ദുല്‍ താക്കൂറിന്റെ പ്രതികരണം.
Content Highlights: 'Sarfaraz doesn't need to play in the A team to get into the Indian team';