
ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ കുറിപ്പെഴുതിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സന്തോഷ് കുമാര്‍ എംപി. അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്ത് അയച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നാണ് എംപിയുടെ ആവശ്യം. അന്വേഷണ മേല്‍നോട്ടം മനുഷ്യാവകാശ കമ്മീഷന്‍ നിര്‍വഹിക്കണം എന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനാലിനായിരുന്നു ആര്‍എസ്എസിനെതിരെ ഇന്‍സ്റ്റഗ്രാമില്‍ ആത്മഹത്യാ കുറിപ്പ് ഷെഡ്യൂള്‍ ചെയ്ത് യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയാണ് യുവാവ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു.
ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ എന്‍എം എന്നയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു.
ഷെഡ്യൂള്‍ ചെയ്ത് വെച്ച വീഡിയോ പുറത്ത് വന്നപ്പോഴാണ് എന്‍എം എന്നത് നിധീഷ് മുരളീധരനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പുറത്തറിയുന്നത്. ഇയാള്‍ക്കെതിരെ കേസെടുക്കാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ബുധനാഴ്ച വൈകിട്ടായിരുന്നു യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ചിരുന്ന വീഡിയോ പുറത്തുവന്നത്.
Content Highlights: Santosh Kumar MP asked investigation into death of youth by writing a note against RSS