
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സീനിയർ പേസ് ബൗളർ മുഹമ്മദ് ഷമിയുടെ പ്രതികരണത്തിൽ വിശദീകരണവുമായി ചീഫ് സെലക്ടർ അജിത് അഗർക്കർ. തന്നെ ഓസീസ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി 20 ടീമുകളിൽ നിന്ന് ഒഴിവാക്കിയതിനെ ഷമി പരോക്ഷമായി ചോദ്യം ചെയ്തിരുന്നു. ഫിറ്റാണെന്ന് തെളിയിക്കാൻ രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിച്ചത് ചൂണ്ടിക്കാട്ടിയ താരം സെലക്ഷൻ പാനലിനെ ഫിറ്റ്നസ് വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ ജോലിയല്ലെന്നും തുറന്നടിച്ചിരുന്നു.
ഇപ്പോഴിതാ ഷമിയുടെ ഫിറ്റ്നസും ടീമിലേക്കുള്ള തിരഞ്ഞെടുപ്പും സംബന്ധിച്ചുള്ള വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഗാർക്കർ. മാച്ച് ഫിറ്റാണെങ്കിൽ ഷമി ടീമിലുണ്ടാവുമെന്ന് അഗാർക്കർ എൻഡിടിവിയുടെ വേൾഡ് സമ്മിറ്റിൽ പറഞ്ഞു.
“മുഹമ്മദ് ഷമി മാച്ച് ഫിറ്റായിരുന്നെങ്കിൽ അദ്ദേഹമിന്ന് ടീമിലുണ്ടാവുമായിരുന്നു. അവനത് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനതിന് മറുപടി നൽകുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഷമി എന്താണ് പറഞ്ഞതെന്നറിയില്ല. ഞാനത് കണ്ടിരുന്നെങ്കിൽ അദ്ദേഹക്കെ വിളിക്കുമായിരുന്നു. താരങ്ങൾക്ക് എപ്പോഴും എന്നെ വിളിക്കാം. കഴിഞ്ഞ മാസങ്ങളുമായി അവനോട് പലതവണ ഞാൻ ചാറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഒന്നും പറഞ്ഞിരുന്നില്ല.”, അഗാർക്കർ പറഞ്ഞു.
"അദ്ദേഹം ഫിറ്റ് ആയിരുന്നെങ്കിൽ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിലും അദ്ദേഹം ഉണ്ടാവുമായിരുന്നു. ആഭ്യന്തര സീസൺ ആരംഭിച്ചതേയുള്ളൂ, അദ്ദേഹം ഫിറ്റ്നസ് ഉള്ളവനാണോ എന്ന് നമുക്ക് നോക്കാം. ഓസ്‌ട്രേലിയൻ പര്യടനത്തിന് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ അദ്ദേഹം ഫിറ്റ് ആയിരുന്നില്ല. അടുത്ത രണ്ട് മാസത്തിനുള്ളിൽ അദ്ദേഹം ഫിറ്റ്നസ് ആണെങ്കിൽ കഥ മാറിയേക്കാം," അഗാർക്കർ കൂട്ടിച്ചേർത്തു.
Content Highlights: Ajit Agarkar Breaks Silence On Mohammed Shami's Jibe