വിനു മങ്കാദ് ട്രോഫിയിൽ വിജയം തുടർന്ന് കേരളം

. മഴയെ തുടർന്ന് 20 ഓവർ വീതമാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 17 റൺസിനായിരുന്നു കേരളത്തിന്റെ വിജയം

വിനു മങ്കാദ് ട്രോഫിയിൽ വിജയം തുടർന്ന് കേരളം
dot image

19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ ഹരിയാനയെ തോൽപിച്ച് കേരളം. മഴയെ തുടർന്ന് 20 ഓവർ വീതമാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ 17 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 19.4 ഓവറിൽ 123 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് രണ്ടാം പന്തിൽ തന്നെ ഓപ്പണർ സംഗീത് സാഗറിന്റെ വിക്കറ്റ് നഷ്ടമായി. തുടർന്നെത്തിയ കെ ആർ രോഹിതിന്റെ കൂറ്റൻ ഷോട്ടുകൾ കേരളത്തിന് വേഗതയാർന്ന തുടക്കം നല്കി. വെറും പത്ത് പന്തുകളിൽ നാല് സിക്‌സടക്കം 26 റൺസ് നേടി രോഹിത് മടങ്ങി. 22 പന്തുകളിൽ 23 റൺസ് നേടിയ ജോബിൻ ജോബിയും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു.

ഇമ്രാൻ അഷ്‌റഫും ക്യാപ്റ്റൻ മാനവ് കൃഷ്ണയും 12 റൺസ് വീതം നേടി മടങ്ങി. എന്നാൽ അമയ് മനോജും മാധവ് കൃഷ്ണയും ചേർന്ന 54 റൺസിന്റെ കൂട്ടുകെട്ട് കേരളത്തിന് മെച്ചപ്പെട്ടൊരു സ്‌കോർ സമ്മാനിച്ചു. അമയ് 26ഉം മാധവ് 29ഉം റൺസ് നേടി. മൂന്ന് വിക്കറ്റ് വീതം നേടിയ ആരവ് ഗുപ്തയും കനിഷ്‌ക് ചൌഹാനുമാണ് ഹരിയാന ബൌളിങ് നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാനയ്ക്ക് ഒരു ഘട്ടത്തിലും മികച്ച ബാറ്റിങ് കാഴ്ച വയ്ക്കാനായില്ല.

നാല് വിക്കറ്റുമായി ഹരിയാനയുടെ മധ്യനിരയെ തകർത്തെറിഞ്ഞ തോമസ് മാത്യുവിന്റെ ബൌളിങ് മികവ് കളി കേരളത്തിന്റെ വരുതിയിലാക്കി. 37 റൺസെടുത്ത കനിഷ്‌ക് ചൌഹാനാണ് വലിയൊരു നാണക്കേടിൽ നിന്ന് ഹരിയാനയെ രക്ഷിച്ചത്. കേരളത്തിന് വേണ്ടി ജോബിൻ ജോബി മൂന്ന് വിക്കറ്റും വീഴ്ത്തി. ടൂർണ്ണമെന്റിൽ തുടർച്ചയായ മൂന്നാം വിജയമാണ് ഇന്നത്തേത്.

Content Highlights- Kerala Continuing Win in Vinuy manakad Trophy

dot image
To advertise here,contact us
dot image