
ബഹ്റൈനില്‍ ജനവാസ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക സമയം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുളള വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.
ബഹ്റൈനിലെ താമസ മേഖലകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സമയക്രമം നിയന്ത്രിക്കാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് അധികാരം നല്‍കുന്ന കരട് നിയമത്തിന് ബഹ്റൈന്‍ കാബിനറ്റ് അംഗീകാരം നല്‍കി. പുതിയ നിയമപ്രകാരം, മുനിസിപ്പാലിറ്റികള്‍ക്ക് അവരുടെ നിയന്ത്രണത്തിലുള പ്രദേശങ്ങളില്‍ പ്രത്യേക സാഹചര്യങ്ങള്‍ അനുസരിച്ച് നിര്‍മാണം, പൊളിക്കല്‍, ഖനനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനോ സമയപരിധി നിശ്ചയിക്കാനോ അധികാരമുണ്ട്. പ്രത്യേക സാഹചര്യമോ പൊതുതാല്‍പര്യമോ ഉള്ള ജോലികള്‍ക്ക് അനുമതി നല്‍കുന്നതിനും മുന്‍സിപ്പാലിറ്റികള്‍ക്ക് കഴിയും.
നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും നിയമം വ്യക്തമാക്കുന്നു. 1000 മുതല്‍ 10,000 ബഹ്റൈന്‍ ദിനാര്‍ വരെ പിഴയോ, തടവോ, അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സിംഗ്, കരാറുകാരുടെ ബാധ്യതകള്‍, സുരക്ഷ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സമഗ്ര നിര്‍മാണനിയമം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Content Highlights: Bahrain approves new law regulating construction work hours