
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.
വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 140 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.
അവസാന ദിനം കളിക്കാനിറങ്ങുമ്പോൾ 58 റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ആദ്യ ഇന്നിങ്‌സിൽ കൂറ്റൻ സ്‌കോർ നേടിയ യശസ്വി ജയ്‌സ്വാൾ എട്ട് റൺസ് നേടി പുറത്തായി. ജോമെൽ വാരിക്കനാണ് വിക്കറ്റ്. 25 റൺസുമായി കെഎൽ രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ.
അഞ്ചാം ദിനം ഇന്ത്യയ്ക്ക് സായ് സുദർശനെയാണ് ആദ്യം നഷ്ടമായത്. 39 റൺസെടുത്ത സായ് വിൻഡീസ് ക്യാപ്റ്റൻ റോസ്റ്റൺ ചേസിന്റെ പന്തിലാണ് പുറത്താവുന്നത്. പിന്നീട് ക്രീസിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ കൂട്ടുപിടിച്ച് രാഹുൽ ഇന്ത്യൻ സ്കോർ നൂറുകടത്തി. സ്കോർ 108 റൺസിൽ നിൽക്കേെ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി. 13 റൺസ് മാത്രമെടുത്ത ഇന്ത്യൻ നായകനെയും ചേസാണ് കൂടാരം കയറ്റിയത്. പിന്നാലെ അർധസെഞ്ച്വറി തികച്ച രാഹുൽ ജുറേലുമൊത്ത് ടീമിനെ വിജയതീരത്തെത്തിച്ചു. രാഹുൽ പുറത്താകാതെ 58 റൺസെടുത്തു.
ഫോളോ ഓണിന് അയക്കപ്പെട്ട വിൻഡീസിന്റെ രണ്ടാം ഇന്നിങ്‌സിലെ മികച്ച ബാറ്റിങ്ങാണ് മത്സരം അവസാന ദിനത്തിലേക്ക് നീട്ടിയത്. രണ്ടാം ഇന്നിങ്‌സിൽ വെസ്റ്റ് ഇൻഡീസ് 390 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ജോൺ കാംബെൽ (115), ഷായ് ഹോപ്പ് (103) എന്നിവരുടെ സെഞ്ച്വറികളാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്.
അവസാന വിക്കറ്റിൽ ജെയ്ഡൻ സീൽസ് (32) ജസ്റ്റിൻ ഗ്രീവ്സ് (പുറത്താവാതെ 50) എന്നിവർ കൂട്ടിച്ചേർത്ത 79 റൺസാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 518 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. വിൻഡീസ് മറുപടി ബാറ്റിംഗിൽ 248 റൺസാണ് നേടിയത്. പിന്നാലെ ഇന്ത്യ ഫോളോഓണിന് അയക്കുകയായിരുന്നു.
Content Highlights: IND vs WI: India storm to 7-wicket win as KL Rahul leads chase