ഓസീസിന് കനത്ത തിരിച്ചടി; 2 താരങ്ങള്‍ക്ക് കൂടി ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരങ്ങള്‍ നഷ്ടമാവും

ഒക്ടോബര്‍ 19ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര തുടങ്ങുന്നത്

ഓസീസിന് കനത്ത തിരിച്ചടി; 2 താരങ്ങള്‍ക്ക് കൂടി ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരങ്ങള്‍ നഷ്ടമാവും
dot image

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പ് ഓസ്‌ട്രേലിയയ്ക്ക് വീണ്ടും തിരിച്ചടി. ഓസീസ് ടീമിലെ രണ്ട് നിര്‍ണായക താരങ്ങള്‍ക്ക് കൂടി പരമ്പരയിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ്, സ്പിന്നര്‍ ആദം സാംപ എന്നിവര്‍ക്കാണ് ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങള്‍ നഷ്ടമാവുന്നത്.

പരിക്കില്‍ നിന്ന് ഇനിയും മോചിതനാവാത്തതിനാല്‍ ഇംഗ്ലിസിന് ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാവും. വ്യക്തിപരമായ കാരണങ്ങളാല്‍ സാംപ പരമ്പരയിലെ ആദ്യ മത്സരം കളിക്കില്ല. പരിക്കുമൂലം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്ക് പരമ്പര നഷ്ടമാവുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സാംപയുടെയും ഇംഗ്ലിസിന്റെയും അഭാവം ഓസീസിന് കനത്ത തിരിച്ചടിയായിരിക്കും സൃഷ്ടിക്കുക.

ഒക്ടോബര്‍ 19ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.

23ന് അഡ്ലെയ്ഡിലും 25ന് സിഡ്‌നിയിലുമാണ് ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ അരങ്ങേറുക. ഏകദിന പരമ്പരക്ക് പിന്നാലെ ഇന്ത്യക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഓസ്‌ട്രേലിയ കളിക്കുന്നുണ്ട്. 29ന് കാന്‍ബെറ, 31ന് മെല്‍ബണ്‍, നവംബര്‍ രണ്ടിന് ഹൊബാര്‍ട്ട്, ആറിന് ഗോള്‍ഡ് കോസ്റ്റ്, 8ന് ബ്രിസ്‌ബേന്‍ എന്നിവിടങ്ങളിലാണ് ടി20 പരമ്പരയിലെ മത്സരങ്ങള്‍.

Content Highlights: IND vs AUS: Josh Inglis, Adam Zampa ruled out series opener

dot image
To advertise here,contact us
dot image