
ഏഷ്യാ കപ്പ് ട്രോഫി വിവാദങ്ങളില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിക്ക് പിന്തുണയുമായി മുന്‍ പാക് ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫ്. നഖ്വി ഉചിതമായ നിലപാടാണ് സ്വീകരിച്ചതെന്ന് പറഞ്ഞ യൂസഫ് ഇന്ത്യയെ വിമർശിക്കുകയും ചെയ്തു. ഇന്ത്യ അന്ന് തന്നെ ട്രോഫി വാങ്ങേണ്ടതായിരുന്നുവെന്നും അന്ന് അത് ചെയ്യാതെ ഇപ്പോള്‍ എന്തിനാണ് തിടുക്കം കാണിക്കുന്നതെന്നും യൂസഫ് തുറന്നടിച്ചു.
'മൊഹ്സിന്‍ നഖ്വി ചെയ്യുന്നത് തികച്ചും ശരിയാണ്. അദ്ദേഹം ശരിയായ നിലപാടാണ് എടുത്തിരിക്കുന്നത്. ഇന്ത്യ ആ നിമിഷം തന്നെ ട്രോഫി വാങ്ങേണ്ടതായിരുന്നു. ഐസിസി നിയമങ്ങള്‍ അനുസരിച്ച്, എസിസി തലവന്‍ എന്ന നിലയിലാണ് അദ്ദേഹം അവിടെ നിന്നത്. അദ്ദേഹത്തിന്റെ കൈകളിലൂടെ മാത്രമേ ട്രോഫി കൈമാറാന്‍ പാടുള്ളൂ', യൂസഫ് സമാ ടിവിയോട് പ്രതികരിച്ചു.
'ട്രോഫി കൊടുത്ത സമയത്ത് നിങ്ങള്‍ അത് എടുത്തില്ല. എന്നിട്ട് ഇപ്പോള്‍ ഇത്ര തിടുക്കം കൂട്ടുന്നത് എന്തിനാണ്? ട്രോഫി വാങ്ങുന്ന കാര്യം നിങ്ങള്‍ ഓര്‍ത്തിരുന്നെങ്കില്‍ മൊഹ്‌സിന്‍ നഖ്‌വിയുടെ ഓഫീസിലെത്തി അത് എടുക്കണമായിരുന്നു. കളിക്കളത്തില്‍ നിങ്ങള്‍ സിനിമ എടുക്കുന്ന തിരക്കിലായിരുന്നു. ഞാന്‍ അന്നും ഇക്കാര്യം പറഞ്ഞിരുന്നു', യൂസഫ് പറഞ്ഞു.
'ഇപ്പോഴും ആ സിനിമാലോകത്തുനിന്ന് അവര്‍ പുറത്തുകടന്നിട്ടില്ല. ഇത് സ്‌പോര്‍ടാണ്, ക്രിക്കറ്റാണ്. ഇവിടെ സിനിമയല്ല നടക്കുന്നത്. സിനിമയില്‍ റീട്ടേക്കുകളും മറ്റുമുണ്ട്. പക്ഷേ സിനിമയില്‍ നായകനാവുകയെന്നത് മറ്റൊരു കാര്യമാണ്. ഇവിടെ നിങ്ങള്‍ യഥാര്‍ത്ഥമായ കായികയിനമാണ് കളിക്കുന്നത്. എന്നിട്ടിപ്പോള്‍ നിങ്ങള്‍ ട്രോഫി വേണമെന്ന് പറയുന്നു', യൂസഫ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യന്‍ ടീം ഉറച്ചുനിന്നിരുന്നു. നിലപാടില്‍ നിന്നും ഇന്ത്യന്‍ ടീം മാറാതിരുന്നതോടെ നഖ്വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ വിജയാഘോഷം തുടങ്ങിയിരുന്നു.
Content Highlights: Mohammad Yousuf criticised Team India in Asia Cup row