
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് ഹസ്തദാനം നൽകാൻ ടീം ഇന്ത്യ തയ്യാറാവാതിരുന്നത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. എന്നാൽ ഫൈനലിലും ഇന്ത്യ ആ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ചെയ്തത്. ആ വിവാദങ്ങളുടെ അലയൊലികൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ വനിതാ ഏകദിന ലോകകപ്പിലും പാകിസ്താനെതിരെ നേർക്കുനേർ എത്തുമ്പോഴും ഇന്ത്യ ഇതേ നിലപാട് സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
പാകിസ്താൻ വനിതാ താരങ്ങൾക്ക് ഹസ്തദാനം നൽകേണ്ടതില്ല എന്ന നിർദേശമാണ് ബിസിസിഐ നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ വനിതാ ലോകകപ്പിൽ പാകിസ്താന് കൈകൊടുക്കുന്നതിനെകുറിച്ച് നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. കൃത്യമായ ഉത്തരം നൽകാതിരുന്ന ദേവജിത് കഴിഞ്ഞ ആഴ്ചയിൽ പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ലെന്നും പറഞ്ഞു.
"അതിനെ കുറിച്ച് എനിക്ക് ഒന്നും പ്രവചിക്കാൻ കഴിയില്ല. പക്ഷേ ആ രാജ്യവുമായുള്ള നമ്മുടെ ബന്ധത്തിന് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയുള്ള അതേ ബന്ധമാണ് ഇപ്പോഴുമുള്ളത്" സൈകിയ മാധ്യമങ്ങളോട് പറഞ്ഞു .
"പാകിസ്താനെതിരെ കൊളംബോയിൽ വെച്ചാണ് ഇന്ത്യ ലോകകപ്പ് മത്സരം കളിക്കുക, ക്രിക്കറ്റിലെ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കും. എംസിസി ക്രിക്കറ്റിന്റെ ചട്ടങ്ങളിൽ എന്താണോ ഉള്ളത് അത് ചെയ്യുമെന്ന് മാത്രമേ എനിക്ക് ഉറപ്പ് നൽകാൻ കഴിയൂ. ഹസ്തദാനം ഉണ്ടാകുമോ, കെട്ടിപ്പിടിക്കുമോ, ഇപ്പോൾ എനിക്ക് നിങ്ങൾക്ക് ഒന്നും ഉറപ്പ് നൽകാൻ കഴിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ അഞ്ചിനാണ് വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്. ഇന്ത്യയുടെ ലീഗ് ഘട്ടത്തിലെ രണ്ടാമത്തെ മത്സരമാണിത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഗുവാഹത്തിയിൽ ശ്രീലങ്കയെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യൻ ടീം പാകിസ്താനിലും പാകിസ്താൻ ടീം ഇന്ത്യയിലും കളിക്കില്ല എന്ന തീരുമാനത്തെ തുടർന്നാണ് വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കൊളംബോയിൽ നടക്കുന്നത്.
Content Highlights: IND vs PAK: BCCI Breaks Silence On Handshake Policy In Women's World Cup 2025