സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്ന്; വെളിപ്പെടുത്തലുമായി വ്യവസായി

ദ്വാരപാലക ശില്‍പ്പമാണ് കാറിലെന്ന് കാറിലുളള ചിലര്‍ പറഞ്ഞിരുന്നു, സ്വര്‍ണമാണോ ചെമ്പാണോ വെളളിയാണോ എന്നൊന്നും തനിക്കറിയില്ലെന്നും വിനീത് ജെയിന്‍ പറഞ്ഞു

സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്ന്; വെളിപ്പെടുത്തലുമായി വ്യവസായി
dot image

തിരുവനന്തപുരം: ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയില്‍ നിന്നാണെന്ന് വ്യവസായി വിനീത് ജെയിൻ. രണ്ട് കാറുകളിലായാണ് ശ്രീരാംപുരയില്‍ നിന്ന് തങ്ങള്‍ ശബരിമലയിലേക്ക് പോയതെന്നും ദ്വാരപാലക ശില്‍പ്പമാണ് കാറിലെന്ന് കാറിലുളള ചിലര്‍ പറഞ്ഞിരുന്നു, സ്വര്‍ണമാണോ ചെമ്പാണോ വെളളിയാണോ എന്നൊന്നും തനിക്കറിയില്ലെന്നും വിനീത് ജെയിന്‍ പറഞ്ഞു. സ്വര്‍ണം പൂശിയ പാളി ചെന്നൈയില്‍ നിന്ന് നേരിട്ട് ശബരിമലയിലേക്ക് എത്തിക്കുകയല്ല ചെയ്തത് എന്ന് സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലാണ് വിനീത് ജെയിന്‍ നടത്തിയിരിക്കുന്നത്.

'തിരുവോണ ദിനത്തോടനുബന്ധിച്ചാണ് ഞങ്ങള്‍ ശബരിമലയിലേക്ക് പോയതെന്നാണ് ഒരു ഓര്‍മ്മ. രണ്ട് കാറുകളിലായാണ് ശ്രീരാംപുരയില്‍ നിന്ന് ശബരിമലയിലേക്ക് പോയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി സൗഹൃദ ബന്ധം മാത്രമാണ് എനിക്കുളളത്. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ഞാന്‍ പണം നല്‍കിയിട്ടില്ല. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, രമേശ് റാവു എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഒരുദിവസം രാവിലെ ആറുമണിക്ക് കാറില്‍ ഞങ്ങള്‍ ശ്രീരാംപുരയില്‍ നിന്ന് പുറപ്പെട്ടു. ശബരിമലയിലേക്ക് പോകുന്നുണ്ട്, വരുന്നോ എന്ന് എന്നോട് ചോദിച്ചിരുന്നു. അതില്‍ കൂടുതല്‍ എനിക്ക് ഒന്നുമറിയില്ല. ദ്വാരപാലക ശില്‍പ്പമാണ് കാറിലുളളതെന്ന് കാറിലെ ചിലര്‍ പറഞ്ഞിരുന്നു. അത് സ്വര്‍ണമാണോ ചെമ്പാണോ വെളളിയാണോ എന്നൊന്നും എനിക്കറിയില്ല': വിനീത് ജെയിന്‍ പറഞ്ഞു.

1998 ല്‍ വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്‍പങ്ങളിലും പീഠങ്ങളിലും സ്വര്‍ണം പൊതിഞ്ഞ് നല്‍കിയത്. ഇതിന് 2019ല്‍ മങ്ങലേല്‍ക്കുകയായിരുന്നു. ഇതോടെ സ്വര്‍ണം പൂശി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സമീപിക്കുകയായിരുന്നു. 2019 ജൂലൈ മാസം തിരുവാഭരണ കമ്മീഷണര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണംപൂശിയ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തയച്ചു. ഇത് പിന്നീട് തൂക്കി നോക്കിയപ്പോള്‍ നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു. പിന്നീട് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു.

ഇതിന് ശേഷവും സ്വര്‍ണപ്പാളികള്‍ക്ക് മങ്ങലേറ്റു. ഇതോടെ അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇത് തന്റെ അറിവോടെയല്ല എന്ന് കാണിച്ച് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലയാണ് പീഠ വിവാദം ഉയരുന്നത്.

Content Highlights: The gold plating of the Dwarpalaka sculpture was taken to Sabarimala from Srirampura

dot image
To advertise here,contact us
dot image