രണ്ട് ശിൽപങ്ങളിലുമായി 5 കിലോ സ്വർണം പൂശി; 20 വർഷം കൊണ്ട് ഇത്രയും സ്വർണം പോകില്ല:വിജയ് മല്ല്യ നിയോഗിച്ച വിദഗ്ധൻ

സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടു പോകേണ്ട കാര്യമില്ലെന്നും ശബരിമലയില്‍ തന്നെ അത് ചെയ്യാമെന്നും സെന്തില്‍ നാഥന്‍

രണ്ട് ശിൽപങ്ങളിലുമായി 5 കിലോ സ്വർണം പൂശി; 20 വർഷം കൊണ്ട് ഇത്രയും സ്വർണം പോകില്ല:വിജയ് മല്ല്യ നിയോഗിച്ച വിദഗ്ധൻ
dot image

കൊച്ചി:ശബരിമലയിലെ സ്വര്‍ണ പാളി വിവാദത്തില്‍ പ്രതികരണവുമായി 1999ല്‍ വിജയ് മല്യക്ക് വേണ്ടി സ്വര്‍ണ്ണം പൂശുന്നത് ഇന്‍സ്‌പെക്ട് ചെയ്ത വിദഗ്ധന്‍ സെന്തില്‍ നാഥന്‍. ഒരു ശില്‍പ്പത്തില്‍ രണ്ടര കിലോ സ്വര്‍ണം പൂശിയതായി സെന്തില്‍ നാഥന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രണ്ട് ശില്‍പങ്ങളിലുമായി അഞ്ച് കിലോ സ്വര്‍ണം പൂശിയെന്നും അദ്ദേഹം പറഞ്ഞു.

'2019ല്‍ വീണ്ടും സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോകേണ്ട ആവശ്യമില്ല. 2019ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് കിട്ടിയത് പുതിയ ചെമ്പ് എങ്കില്‍ 99ല്‍ പൂശിയ സ്വര്‍ണം എവിടെ പോയി? വിശദമായ അന്വേഷണം വേണം. പൂശിയ സ്വര്‍ണ്ണം വേര്‍തിരിച്ചു എടുക്കാനാകും. സ്വര്‍ണം പൂശാന്‍ ചെന്നൈയില്‍ കൊണ്ടു പോകേണ്ട കാര്യമില്ല', സെന്തില്‍ നാഥന്‍ പറഞ്ഞു.

ശബരിമലയില്‍ വെച്ച് തന്നെ അത് ചെയ്യാമെന്നും ദ്വാരപാലക ശില്‍പങ്ങളില്‍ പൂശിയത് 24 കാരറ്റ് സ്വര്‍ണ്ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഷ്ടം സംഭവിച്ചാലും സ്വര്‍ണം പൂര്‍ണമായും പോകില്ല. 20 വര്‍ഷം കൊണ്ട് ഇത്രത്തോളം സ്വര്‍ണം പോകാന്‍ ഒരു സാധ്യതയുമില്ല. ദ്വാരപാലക ശില്പം എല്ലാവരും കൈകാര്യം ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വേര്‍തിരിച്ചു എടുത്തെങ്കില്‍ ആ സ്വര്‍ണം എവിടെ പോയെന്നും സെന്തില്‍ നാഥന്‍ ചോദിച്ചു.


തെളിവായി 1999ലെ ദ്വാരപാലക ശില്‍പങ്ങളുടെ ചിത്രങ്ങളും അദ്ദേഹം പുറത്ത് വിട്ടു.

1999ല്‍ വ്യവസായി വിജയ് മല്യയാണ് ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശില്‍പങ്ങളിലും പീഠങ്ങളിലും സ്വര്‍ണം പൊതിഞ്ഞ് നല്‍കിയത്. ഇതിന് 2019ല്‍ മങ്ങലേല്‍ക്കുകയായിരുന്നു. ഇതോടെ സ്വര്‍ണം പൂശി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ സമീപിക്കുകയായിരുന്നു.

2019 ജൂലൈ മാസം തിരുവാഭരണ കമ്മീഷണര്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, തന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണംപൂശിയ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ കൊടുത്തയച്ചു. ഇത് പിന്നീട് തൂക്കി നോക്കിയപ്പോള്‍ നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു. പിന്നീട് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു.

ഇതിന് ശേഷവും സ്വര്‍ണപ്പാളികള്‍ക്ക് മങ്ങലേറ്റു. ഇതോടെ അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇത് തന്റെ അറിവോടെയല്ല എന്ന് കാണിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലയാണ് പീഠ വിവാദം ഉയരുന്നത്. 2019ല്‍ സ്വര്‍ണം പൂശി നല്‍കിയപ്പോള്‍ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണം പൂശി രണ്ട് താങ്ങുപീഠങ്ങള്‍ കൂടി അധികമായി നല്‍കിയെന്നും ഇത് ദേവസ്വത്തിന്റെ കൈവശമുണ്ടെന്നും ആരോപിച്ച് ഉണ്ണി കൃഷ്ണന്‍ പോറ്റി രംഗത്തെത്തി.

ആഗോള അയ്യപ്പ സംഗമത്തിന് ദിവസങ്ങള്‍ മുന്‍പായിരുന്നു ഈ ആരോപണം. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്ന് ഈ പീഠങ്ങള്‍ കണ്ടെടുത്തു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നു. ഇതിന്റെ പൂജാ ചടങ്ങുകളില്‍ നടന്‍ ജയറാം പങ്കെടുത്തു എന്നതാണ് ഒടുവിലത്തെ വിവാദം. ഇതില്‍ വിശദീകരിച്ച് ജയറാമും രംഗത്തെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉന്നത ബന്ധങ്ങളും സംശയനിഴലിലാണ്. ഇതില്‍ അടക്കം രഹസ്യാന്വേഷണ വിഭാഗവും വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്.

Content Highlights: expert who inspected the gold plating for Vijay Mallya in 1999 responds controversy

dot image
To advertise here,contact us
dot image