നാലാം സ്ഥാനത്ത് ഇയാളോ? അഞ്ചാമനായി രാഹുൽ! കൂടുതൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ ഓപ്പണർമാരുടെ ലിസ്റ്റ്

114 പന്ത് നേരിട്ട രാഹുൽ ആറ് ഫോറടക്കം 53 റൺസ് നേടി

നാലാം സ്ഥാനത്ത് ഇയാളോ? അഞ്ചാമനായി രാഹുൽ! കൂടുതൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ ഓപ്പണർമാരുടെ ലിസ്റ്റ്
dot image

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യൻ ഓപ്പണിങ് ബാറ്റർ കെ എൽ രാഹുൽ അർധസെഞ്ച്വറി തികച്ചിരുന്നു. വെസ്റ്റ് ഇൻഡീസിനെ ആദ്യ ഇന്നിങ്‌സിൽ 162 റൺസിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 121 റൺസ് നേടിയിട്ടുണ്ട്. രണ്ട് വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്. യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. സ്‌കോർ വെസ്റ്റ് ഇൻഡീസ്; 162-10, ഇന്ത്യ; 121-2. അർധസെഞ്ച്വറിയുമായി കെ എൽ രാഹുലും 18 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ക്രീസിലുണ്ട്.

114 പന്ത് നേരിട്ട രാഹുൽ ആറ് ഫോറടക്കം 53 റൺസ് നേടി. ജയ്‌സ്വാൾ 54 പന്തിൽ ഏഴ് ഫോറടക്കം 36 റൺസ് നേടി മടങ്ങി. സുദർശൻ (7 റൺസ്) നിരാശപ്പെടുത്തി. ഓപ്പണിങ് ബാറ്ററായി കെഎൽ രാഹുലിന്റെ 26ാം അർധസെഞ്ച്വറിയാണ് ഇത്. ടെസ്റ്റിൽ ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങി ഏറ്റവും കൂടുതൽ അർധസെഞ്ച്വറി സ്വന്തമാക്കിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കെ എൽ രാഹുൽ. ഇതുവരെ ടെസ്റ്റ് ഓപ്പണറായി 26 അർധസെഞ്ച്വറി സ്വന്തമാക്കാൻ രാഹുലിന് ആയി.

75 ഫിഫ്റ്റി സ്‌കോറുകളുമായി ഒന്നാം സ്ഥാനത്ത് ഇതിഹാസ ഓപ്പണറായ സുനിൽ ഗവാസ്‌കറാണ്. രണ്ടും മൂന്നും സ്ഥാനത്ത് വിരേന്ദർ സെവാഗും ഗൗതം ഗംഭീറുമാണ്. സെവാഗിന് 51 അർധസെഞ്ച്വറിയും ഗംഭീറിന് 31 അർധസെഞ്ച്വറിയും ഓപ്പണറായിട്ടുണ്ട്. ഇതിഹാസങ്ങൾ ലീഡ് ചെയ്യുന്ന പട്ടികയിൽ നാലാം സ്ഥാനത്ത് ആളുകൾ പലപ്പോഴും മറന്നുപോകുന്ന എന്നാൽ ഒരുകാലത്ത് ഇന്ത്യൻ ഓപ്പണിങ് റോളിൽ മികച്ച പ്രകടനം പുറത്തെടുത്ത മുരളി വിജയ് ആണ്. തന്റെ ടെസ്റ്റ് കരിയറിൽ ഓപ്പണിങ് ബാറ്ററായി 27 അർധസെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാൽ പലപ്പോഴും താരത്തിന്റെ പേര് ആരാധകർ മറക്കാറുണ്ട്.

മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിൽ ഓപ്പണറായി 17 അർധസെഞ്ച്വറിയാണുള്ളത്.

അതേസമയം വിൻഡീസിനെതിരെ നാല് വിക്കറ്റുമായി മുഹമ്മദ് സിറാജും, മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറയും തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് 162 റൺസിൽ ഓൾ ഔട്ടായി. കുൽദീപ് യാദവ് രണ്ട് വിക്കറ്റും നേടി. വിൻഡീസ് നിരയിൽ ജസ്റ്റിൻ ഗ്രീവ്സ് 32 റൺസും ഷായ് ഷോപ് 26 റൺസും ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 24 റൺസും നേടി, മറ്റാർക്കും തിളങ്ങാനായില്ല.

Content Highlights- KL rahul Is fifth in list of Indian Opening batters with Most Fifties

dot image
To advertise here,contact us
dot image